ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയ്ക്കു സമീപം രണ്ട് പാക് യുദ്ധവിമാനങ്ങള്‍ അതിവേഗത്തില്‍ പറന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് പത്തുകിലോമീറ്റര്‍ ദൂരത്തിലാണ് സൂപ്പര്‍സോണിക് വിമാനങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് വ്യോമസേനയും റഡാര്‍ സംവിധാനവും അതീവ ജാഗ്രത തുടരുകയാണ്.
ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിരോധ റഡാര്‍ സംവിധാനമാണ് ചൊവ്വാഴ്ച രാത്രിയോടെ നിയന്ത്രണ രേഖയ്ക്ക് സമീപമെത്തിയ പാക്ക് യുദ്ധവിമാനങ്ങള്‍ കണ്ടെത്തിയത്. സോണിക് വിമാനങ്ങളുടെ വന്‍ ശബ്ദം പ്രദേശത്ത് കേട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പാക്ക് പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് എത്തി യുദ്ധഭീതി ഉളവാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും പാക്ക് പ്രകോപനമുണ്ടാകുന്നത്. ഫെബ്രുവരി 27 ന് വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് എഫ്-16 പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക് കസ്റ്റഡിയിലായത്. ഇന്ത്യന്‍ യുദ്ധവിമാനമായ മിഗ്-21 ബൈസണ്‍ പറത്തി പാക്ക് എഫ്-16 വിമാനത്തെ തുരത്തുന്നതിനിടെ നിയന്ത്രണം നഷ്ടമായി പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ പാരഷൂട്ട് വഴി നിലം പതിക്കുകയായിരുന്നു.
മാര്‍ച്ച് ആദ്യ വാരം പാക്കിസ്ഥാന്‍ ഡ്രോണുകള്‍ അതിര്‍ത്തി ലംഘിച്ചിരുന്നു. അതിര്‍ത്തി ലംഘിച്ച നാല് ആളില്ലാ വിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചു വീഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും പൂഞ്ചില്‍ അതിര്‍ത്തി ലംഘിച്ച് പാക്കിസ്താന്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിക്കു സമീപം നിരീക്ഷണ പറക്കല്‍ നടത്തിയത്.