ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന അവസാനഘട്ട ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കേരളത്തില്‍ ഏറെ ശ്രദ്ധനേടുന്ന മണ്ഡലങ്ങളിലൊന്നായ പാലക്കാട് സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പാലക്കാട്ട് എം.ബി രാജേഷിനെ തകര്‍ക്കാന്‍ പറ്റിയതാരാണെന്ന ചോദ്യത്തിലാണ് കോണ്‍ഗ്രസ്.
പരിഗണിക്കാന്‍ യോഗ്യരായ നിരവധി പേര്‍ പാര്‍ട്ടിയിലുണ്ടെങ്കിലും ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്റെ പേരാണ് പാലക്കാട് സീറ്റിലേക്ക് കെപിസിസി പ്രഥമപരിഗണന നല്‍കി സമര്‍പ്പിച്ചിട്ടുള്ളത്. നേരത്തെ ഷാഫി പറമ്പില്‍ എംഎല്‍എയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ നിലവിലെ എംഎല്‍എയായിരിക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫാഫി പറമ്പിലിന്റെ നിലപാട്. ഇതോടെ വി കെ ശ്രീകണ്ഠന് തന്നെ നറുക്ക് വീഴുമെന്നാണ് സൂചന.
അതിനിടെ, വി.കെ ശ്രീകണ്ഠന്റെ ‘ജയ്‌ഹോ’ പദയാത്ര തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളൊന്നും വകവയ്ക്കാതെ തുടരുകയാണ്. ഇരുപത്തിരണ്ടാം ദിവസത്തെ ജയ്‌ഹോ ഉദ്ഘടന സമ്മേളനം കോങ്ങാട് കെ.പി.സി.സി സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.
25 ദിവസം കൊണ്ട് ജില്ലയിലെ മുഴുവന്‍ ഗ്രാമങ്ങളിലൂടെയും കാല്‍നടയായി കടന്നുപോകുന്ന വികെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര സംസ്ഥാനമൊട്ടുക്കും വലിയ ചര്‍ച്ചയായി മാറിയിരുന്നു. എഐസിസി നേതൃത്വം യാത്രയുടെ വിശദാംശങ്ങള്‍ നേരിട്ട് ശേഖരിക്കുകയും ജയ്‌ഹോ മോഡല്‍ രാജ്യമെങ്ങും മാതൃകയാക്കാന്‍ ആലോചിക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ മാസം 19 ന് തുടങ്ങിയ യാത്രയുടെ 15 ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ്. കെ. സുധാകരനാണ് മുഖ്യ പ്രഭാഷകന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പദയാത്രയുടെ ഭാഗമായിരുന്നു.
നിരവധി സംസ്ഥാന നേതാക്കളാണ് ജയ്‌ഹോ സമ്മേളനങ്ങളുടെ ഭാഗമാകുന്നത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഇന്നലെ രാവിലെ പദയാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. പാലക്കാട്ട് സ്ഥാനാര്‍ഥിയാകാന്‍ താനില്ലെന്ന് വ്യക്തമാക്കിയാണ് ലതിക മടങ്ങിയതും.