കോഴിക്കോട്: പി. ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഉപാധിയായാണ് തോല്‍ക്കുമെന്നറിഞ്ഞിട്ടും അദ്ദേഹത്തെ വടകരയില്‍ സ്ഥാനാര്‍ഥിയായി നിയോഗിച്ചതെന്ന് ഡിസിസി പ്രസിഡന്റ് ടി.സിദ്ദഖ്. മറ്റിടങ്ങളില്‍ ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കുമ്പോള്‍ നല്‍കിയ കീഴ്‌വഴക്കമല്ല ജയരാജന്റെ കാര്യത്തില്‍ പാര്‍ട്ടിയെടുത്തത്. കണ്ണൂരില്‍ സ്ഥിരം സെക്രട്ടറിയായി എം.വി ജയജരാജനെ നിയോഗിച്ചുകഴിഞ്ഞു. എന്തുകൊണ്ടാണ് പി.ജയരാജന്റെ കാര്യത്തില്‍ അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സി.പി.എമ്മിന് സത്യസന്ധമായി ജനങ്ങളോട് പറയാന്‍ ധൈര്യമുണ്ടോയെന്നും ടി.സിദ്ദിഖ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
വടകരയില്‍ വികസന രാഷ്ട്രീയം യു.ഡി.എഫ് മുന്നോട്ട് വെക്കുമ്പോള്‍ കൊലപാതക രാഷ്ട്രീയത്തിന്റെ മേഖലയിലേക്ക് തിരഞ്ഞെടുപ്പിനെ തിരിച്ചുവിടാനുള്ള ഉപകരണമായിട്ടാണ് പി.ജയരാജനെ ഇറക്കിയിരിക്കുന്നത്. കോഴിക്കോട് ഉള്‍പ്പെടുന്ന വടകര, കോഴിക്കോട്, വയനാട് മണ്ഡലങ്ങളില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ കാര്യമില്ല. സി.പി.എമ്മിനെ പോലെ പ്രാദേശികമായി മാത്രം ആലോചിച്ചാല്‍ പോര. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തീരുമാനമുണ്ടാവണം. അത് രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.
വ്യാഴാഴ്ച കോഴിക്കോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ബഹുജന സംഗമം കേരളത്തിലെ തിരഞ്ഞെടുപ്പ് കാമ്പയിന്റെ ഉദ്ഘാടനമായി മാറും. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഒരു ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.
രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാല് മണിക്ക് കോഴിക്കോട്ടെത്തി, ആറ് മണിയോടെ തിരിക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ടെവരുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രത്യേക വിമാനത്തില്‍ മട്ടന്നൂരിലെത്തി അവിടെ നിന്നും കരിപ്പൂരേക്ക് തിരിച്ച് തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും കോഴിക്കോടെത്തുക. എം.കെ ആന്റണി, കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, മുകുള്‍ വാസ്‌നിക്ക്, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.