റാഞ്ചി: ഓരോ മത്സരത്തിലും ഓരോ പുതിയ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ പരാജയം രുചിച്ചെങ്കിലും കോലിക്ക് നേട്ടങ്ങളുണ്ട്. ഏകദിന ക്രിക്കറ്റിലെ 41ാം സെഞ്ചുറിയാണ് കോലി ഓസീസിനെതിരേ നേടിയത്. 95 പന്തുകള്‍ നേരിട്ട കോലി 16 ബൗണ്ടറികളും ഒരു സിക്‌സുമടക്കം 123 റണ്‍സെടുത്തു.
മത്സരത്തില്‍ 27 റണ്‍സെടുത്തതോടെ ഒരു അപൂര്‍വ റെക്കോഡും കോലി സ്വന്തം പേരിലാക്കി. ഏകദിനത്തില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 4000 റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് കോലിക്ക് സ്വന്തമായത്. ക്യാപ്റ്റനായ 63 മത്സരങ്ങളില്‍ നിന്നാണ് കോലി 4000 റണ്‍സ് തികച്ചത്. ക്യാപ്റ്റനായ 77 മത്സരങ്ങളില്‍ നിന്ന് 4000 റണ്‍സ് തികച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോഡാണ് കോലി മറികടന്നത്. ഈ നേട്ടത്തിലെത്തുന്ന 12ാമത്തെ ക്യാപ്റ്റനാണ് കോലി.
ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ ക്യാപ്റ്റനും. മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, എം.എസ് ധോനി എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍. ക്യാപ്റ്റനെന്ന നിലയില്‍ 4096 റണ്‍സ് ഇപ്പോള്‍ കോലിയുടെ അക്കൗണ്ടിലുണ്ട്.
ക്യാപ്റ്റനെന്ന നിലയില്‍ 6641 റണ്‍സ് നേടിയ ധോനിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ മുന്നില്‍. അസ്ഹറുദ്ദീന്‍ 5239 റണ്‍സും ഗാംഗുലി 5104 റണ്‍സും നേടിയിട്ടുണ്ട്.
63 മത്സരങ്ങളിലെ 62 ഇന്നിങ്‌സുകളില്‍ നിന്ന് 18 സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും അടക്കമാണ് കോലിയുടെ ഈ നേട്ടം. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 160 റണ്‍സാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍.
100 മത്സരങ്ങളില്‍ നിന്ന് 4000 തികച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണ് ഈ പട്ടികയില്‍ മൂന്നാമത്. സൗരവ് ഗാംഗുലി 103 മത്സരങ്ങളില്‍ നിന്നും ശ്രീലങ്കയുടെ സനത് ജയസൂര്യ 106 മത്സരങ്ങളില്‍ നിന്നും ഈ നേട്ടത്തിലെത്തിയവരാണ്.
കോലിയുടെ റെക്കോഡ് നേട്ടങ്ങള്‍…
-41ാം സെഞ്ചുറി നേടിയ കോലിക്കു മുന്നില്‍ ഇനിയുള്ളത് 49 സെഞ്ചുറികള്‍ നേടിയ സച്ചിന്‍ മാത്രം.
-റണ്‍സ് പിന്തുടരുമ്പോഴുള്ള കോലിയുടെ 25ാം സെഞ്ചുറിയായിരുന്നു റാഞ്ചിയിലേത്. 70 റണ്‍സാണ് റണ്‍സ് പിന്തുടരുമ്പോഴുള്ള കോലിയുടെ ബാറ്റിങ് ശരാശരി.
-കോലിയുടെ 66ാം രാജ്യാന്തര സെഞ്ചുറിയായിരുന്നു റാഞ്ചിയിലേത്. 71 സെഞ്ചുറികളുമായി മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും 100 സെഞ്ചുറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറും മാത്രമാണ് ഇക്കാര്യത്തില്‍ കോലിക്ക് മുന്നിലുള്ളത്.
-സച്ചിനു ശേഷം ഒരു ടീമിനെതിരേ ഏകദിനത്തില്‍ എട്ട് സെഞ്ചുറികള്‍ നേടുന്ന താരമാണ് കോലി. ഇരുവരും ഓസ്‌ട്രേലിയക്കും ശ്രീലങ്കയ്ക്കുമെതിരേ എട്ട് സെഞ്ചുറികല്‍ നേടിയിട്ടുണ്ട്.
-നാട്ടില്‍ ഓസീസിനെതിരേ കോലി നേടുന്ന അഞ്ചാം ഏകദിന സെഞ്ചുറിയായിരുന്നു റാഞ്ചിയിലേത്.
-മൂന്നൂറോ അതിനു മുകളിലോ ഉള്ള സ്‌കോര്‍ പിന്തുടരുമ്പോള്‍ കോലി നേടുന്ന ഒമ്പതാം സെഞ്ചുറിയായിരുന്നു റാഞ്ചിയിലേത്. മറ്റൊരു താരത്തിനും ഈ നേട്ടം അവകാശപ്പെടാനില്ല.