ന്യൂഡല്‍ഹി: റഫാല്‍ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു എന്ന് സുപ്രീം കോടതിയില്‍ പറഞ്ഞ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും പരാതിക്കാര്‍ അതിന്റെ ഫോട്ടോ കോപ്പി എടുക്കുക മാത്രമാണ് ചെയ്തതെന്നും അറ്റോര്‍ണി ജനറല്‍ വെള്ളിയാഴ്ച വൈകിട്ട് വിശദീകരിച്ചു.
സര്‍ക്കാര്‍ അതീവരഹസ്യമെന്ന് നിര്‍വചിക്കുന്ന രേഖകളുടെ ഫോട്ടോകോപ്പികള്‍ ഉപയോഗിച്ചാണ് പരാതിക്കാര്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കാനാണ് താന്‍ കോടതിയില്‍ ശ്രമിച്ചത്. ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടു എന്ന് താന്‍ സുപ്രീംകോടതിയില്‍ പറഞ്ഞതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ് അറ്റോര്‍ണി ജനറല്‍ പി.ടി.ഐയോട് വ്യക്തമാക്കി.
പുനഃപരിശോധന ഹര്‍ജിക്കായി ഹര്‍ജിക്കാര്‍ ആശ്രയിച്ചിരിക്കുന്ന രേഖകള്‍ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ അവയെ ആശ്രയിക്കാന്‍ കഴിയില്ലെന്നുമായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ബുധനാഴ്ച സുപ്രീം കോടതിയില്‍ പറഞ്ഞത്. ഈ രേഖകള്‍ ഹാജറാക്കിയതിലൂടെ കുറ്റകരമായ പ്രവൃത്തിയാണ് ഹര്‍ജിക്കാര്‍ ചെയ്തതെന്നും മലിനമായ കൈകളോടെയാണ് അവര്‍ വന്നതെന്നും കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.
സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ നടത്തിയ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. ഇത്ര പ്രധാനപ്പെട്ടരേഖകള്‍ മോഷണം പോയത് ഗുരുതരമായ പിഴവാണെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് എ.ജി തന്റെ പ്രസ്താവനയില്‍ തിരുത്തലുമായി രംഗത്തെത്തിയത്.
യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദ ഹിന്ദു ദിനപത്രം തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിച്ച മൂന്ന് റഫാല്‍ രേഖകള്‍ ഹാജരാക്കിയത്. രേഖകള്‍ മോഷണം പോയ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നെന്നും എന്നാല്‍ എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നില്ലെന്നും എ.ജി കോടതിയില്‍ പറഞ്ഞിരുന്നു. രേഖകള്‍ ഹാജറാക്കിയത് കോടതിയലക്ഷ്യമാണെന്നായിരുന്നു എ.ജിയുടെ മറ്റൊരു വാദം.