ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ ഗോഖലെ പറഞ്ഞിട്ടില്ല. മിന്നലാക്രമണത്തെ കുറിച്ചുള്ള വിശദീകരണം നല്‍കുക മാത്രമായിരുന്നു അദ്ദേഹം. വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് ഇന്ത്യന്‍ നിലപാടെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ജയ്‌ഷെ മുഹമ്മദിന്റെ ഭീകരപരിശീലന ക്യാന്പു കള്‍ക്ക് നേരെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പ് അനുസരിച്ചായിരുന്നു നടപടി. വ്യോമാക്രമണവും ലോക്‌സഭാ തെരഞ്ഞെടുപ്പും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇതൊരു സൈനിക നടപടിയല്ലെന്നും മുന്‍ കരുതലെന്ന നിലയില്‍ ഇന്ത്യ സ്വീകരിച്ച നടപടി മാത്രമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
നേരത്തേ, ബാലാകോട്ടില്‍ 250 ഭീകരരെ ഇന്ത്യ വധിച്ചുവെന്ന് അഹമ്മദാബാദില്‍ നടന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് വിവാദമായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ എത്ര പേരെന്നു സൈന്യം കണക്കെടുക്കാറില്ലെന്നും നാശനഷ്ടങ്ങളുടെ കണക്ക് സര്‍ക്കാരാണു പറയേണ്ടതെന്നും വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പ്രതികരിച്ചിരുന്നു.
എന്നാല്‍ ഏകദേശകണക്കാണ് അമിത് ഷാ പറഞ്ഞതെന്നും ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കൃത്യമായ കണക്ക് കിട്ടില്ലെന്നും കേന്ദ്ര പ്രതിരോധസഹമന്ത്രി വി.കെ. സിംഗ് ന്യായീകരിച്ചിരുന്നു.