അഭിനന്ദനെ കൈമാറുക വാഗാ ബോര്‍ഡര്‍ വഴി..; സ്വീകരിക്കാന്‍ മാതാപിതാക്കള്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുക വാഗാ അതിര്‍ത്തി വഴി. കാര്യങ്ങള്‍ കൈവിട്ട് പോകരുതെന്നുള്ള വ്യക്തമായ മുന്നറിയിപ്പ് ഇക്കാര്യത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നല്‍കിയിട്ടുണ്ട്. അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കുന്നതിനായി മാതാപിതാക്കള്‍ വാഗയിലേക്ക് പറപ്പെട്ടു. അഭിനന്ദന്റെ അച്ഛന്‍ എസ് വര്‍ദ്ധമാനും അമ്മ ഡോ ശോഭയുമാണ് മകന്‍ തിരിച്ചെത്തുന്നത് കാണാന്‍ പുറപ്പെട്ടിരിക്കുന്നത്. രാത്രി പത്ത് മണിക്കുള്ള വിമാനത്തില്‍ ചെന്നൈയില്‍ നിന്ന് ദില്ലിയിലേക്കും തുടര്‍ന്ന് വാഗാ അതിര്‍ത്തിര്‍ത്തിയിലേക്കും അവര്‍ പോകും.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ അറിയിച്ചു. ഇന്ത്യപാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്‌സിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു.

ഈ സമ്മേളനത്തിനിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ വിംഗ് കമാന്‍ഡറെ തിരിച്ചയക്കുമെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്.

ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ഖാന്‍ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. അഭിനന്ദനെ വിട്ടയക്കുകയാണെന്ന പ്രഖ്യാപനം ആരവങ്ങളോടെയാണ് പാകിസ്ഥാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സ്വീകരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7