ഇസ്ലാമാബാദ്: ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പുല്‍വാമയില്‍ തെളിവ് തന്നാല്‍ നടപടിയെടുക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരവുമല്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
തീവ്രവാദത്തിനായി പാക് മണ്ണ് ഉപയോഗിക്കുന്നത് പാകിസ്ഥാന് താത്പര്യമുള്ള കാര്യമല്ല. അതില്‍ തര്‍ക്കമില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കും സഹകരണത്തിനും പാകിസ്ഥാന്‍ തയ്യാറായിട്ടും ഇന്ത്യ സൈനിക നീക്കം നടത്തിയപ്പോഴാണ് തിരിച്ചടിച്ചതെന്നും ഇമ്രാന്‍ഖാന്‍ വിശദീകരിക്കുന്നു.
യുദ്ധത്തിന്റെ കെടുതികള്‍ തനിക്കറിയാം. അത് ഒന്നിനും പരിഹാരമല്ല. തെറ്റായ പ്രചാരണങ്ങളുടെ പേരില്‍ യുദ്ധം തുടങ്ങി വയ്ക്കരുതെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുന്നു. യുദ്ധം തുടങ്ങിയാല്‍ കാര്യങ്ങള്‍ നരേന്ദ്രമോദിയുടെയോ തന്റെയോ നിയന്ത്രണത്തിലാകില്ലെന്നും ഇമ്രാന്‍ഖാന്‍ പ്രതികരിച്ചു.