പാക് താരങ്ങള്‍ക്ക് വിസ നിഷേധിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ക്ക് വിസ നിഷേധിച്ച നടപടി ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയുടെ ഈ നടപടിക്കെതിരേ ശക്തമായ നിലപാട് കൈക്കൊണ്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) രംഗത്തെത്തി. വലപര ഒളിമ്പിക്‌സിന്റെ അടിസ്ഥാന പ്രമാണങ്ങളുമായി ഒത്തുപോകുമെന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് യാതൊരുവിധത്തിലുള്ള അന്താരാഷ്ട്ര മത്സരങ്ങളും അനുവദിക്കില്ലെന്ന് ഐ.ഒ.സി. മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിന്റെ ഉറപ്പ് ലഭിക്കുന്നതുവരെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നത് സംബന്ധിച്ച് ഇന്ത്യയുമായി നടത്തുന്ന ചര്‍ച്ചകളെല്ലാം നിര്‍ത്തിവച്ചതായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസാനില്‍ നടന്ന എക്‌സിക്യുട്ടീവ് ബോര്‍ഡ് യോഗത്തിനുശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഐ.ഒ.സി. പറഞ്ഞു. ഇതനുസരിച്ച് ഇന്ത്യയ്ക്ക് ഇനി ഒളിമ്പിക് കമ്മിറ്റിയുടെ കീഴില്‍ വരുന്ന ഒരു ടൂര്‍ണമെന്റിനും വേദിയാകാന്‍ അപേക്ഷ സമര്‍പ്പിക്കാനുമാവില്ല.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കേണ്ട രണ്ട് പാകിസ്താനീ ഷൂട്ടര്‍മാര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് നിലപാട് കടുപ്പിച്ചുകൊണ്ടുള്ള ഐ.ഒ.സിയുടെ ഇടപെടല്‍. ഫെബ്രുവരി 20 മുതല്‍ 28 വരെയാണ് 2020 ടോക്യോ ഒളിമ്പിക്‌സിനുള്ള യോഗ്യതാമത്സരം കൂടിയായ ടൂര്‍ണമെന്റ്. കളിക്കാര്‍ക്ക് വിസ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഐ.ഒ.സി ടൂര്‍ണമെന്റിനുള്ള ഒളിമ്പിക് യോഗ്യതാ പദവി ഐ.ഒ.സി പിന്‍വലിച്ചു. രണ്ട് താരങ്ങള്‍ക്കായിരുന്നു ഈ ടൂര്‍ണമെന്റ് വഴി നേരിട്ട് ഒളിമ്പിക്‌സിന് യോഗ്യത ലഭിക്കുക. ഇതിന് ബദല്‍മാര്‍ഗം കണ്ടെത്താന്‍ അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനോട് ഐ.ഒ.സി. ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയും അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനും സംയുക്തമായി അവസാനവട്ട അനുരഞ്ജനശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌നപരിഹാരം സാധ്യമായില്ലെന്ന് ഐ.ഒ.സി. വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

യാതൊരുവിധ വിവേചനവും അരുത് എന്ന ഒളിമ്പക് പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ നടപടി. അന്താരാഷ്ട്ര മത്സരങ്ങളില്‍ എല്ലാ കായികതാരങ്ങളോടും തുല്ല്യ സമീപനമാവണം വേണ്ടതെന്ന് ഐ.ഒ.സി. പലകുറി പറഞ്ഞിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ ആതിഥേയ രാജ്യത്തില്‍ നിന്ന് യാതൊരുവിധത്തിലമുള്ള വിവേചനമോ രാഷ്ട്രീയ ഇടപെടലോ പാടുള്ളതല്ലെന്നും നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. ഇത് ലംഘിക്കപ്പെട്ടതിനാലാണ് ഭാവിയില്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട ഏതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നത് സംബന്ധിച്ച് ഇന്ത്യയുമായി നടത്തുന്ന എല്ലാ ചര്‍ച്ചകളും ഐ.ഒ.സി നിര്‍ത്തിവയ്ക്കുന്നത്. ഒളിമ്പിക്‌സിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ കായികതാരങ്ങള്‍ക്കും വിവേചനരഹിതമായി മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള വ്യക്തമായ ഉറപ്പ് ലഭിക്കുന്നത് വരെ ഇത് തുടരും. ഇത് ലഭിക്കുന്നതുവരെ ഇന്ത്യയില്‍ യാതൊരുവിധത്തിലുമുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കരുതെന്ന് എല്ലാ അണ്ടാരാഷ്ട്ര ഫെഡറേഷനുകളോടും ആവശ്യപ്പെടുകയും ചെയ്യുന്നുഐ.ഒ.സി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

25 മീറ്റര്‍ റാപ്പിഡ് ഫയര്‍ വിഭാഗത്തില്‍ ജി.എം. ബഷീര്‍, ഖലീല്‍ അഹമ്മദ് എന്നീ രണ്ട് പാക് താരങ്ങളായിരുന്നു 2020 ഒളിമ്പിക്‌സിന്റെ യോഗ്യതാ ടൂര്‍ണമെന്റ് കൂടിയായ ലോകകപ്പില്‍ മത്സരിക്കാനിരുന്നത്.

ഇന്ത്യ പാകിസ്താനുമായുള്ള എല്ലാ കായികബന്ധങ്ങളും ഉപേക്ഷിക്കണമെന്നും പാകിസ്താനെതരായ ലോകകപ്പ് ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കണമെന്നും ആവശ്യം ഉയരുന്നതിനിടെയാണ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ടുള്ള ഐ.ഒ.സി.യുടെ നടപടി. ഇന്ത്യ കായികരംഗത്ത് പാകിസ്താനെ ബഹിഷ്‌കരിക്കണമെന്ന് കായികതാരങ്ങളില്‍ നിന്നു വരെ ആവശ്യം ഉയര്‍ന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7