മുംബൈ: ഐ പി എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി എട്ടിന് മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം. ബാംഗ്ലൂരിനെയും ഡല്‍ഹിയെയും രാജസ്ഥാനെയും തോല്പിച്ചെത്തുന്ന ചെന്നൈയ്ക്ക് ആദ്യ ഷോക്ക് നല്‍കാനാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് തയ്യാറെടുക്കുന്നത്.
മൂന്ന് കളിയില്‍ രണ്ടിലും തോറ്റ രോഹിത്തിനും സംഘത്തിനും സ്വന്തം കാണികള്‍ക്ക് മുന്നിലെ അഭിമാനപ്പോരാട്ടമാണിത്. പരിചയസമ്പന്നര്‍ നിറഞ്ഞ ധോണിപ്പടയെ പിടിച്ചുകെട്ടാന്‍ മുംബൈയ്ക്ക് നിലവിലെ മികവ് മതിയാവില്ല. ധോണിയും റെയ്നയും വാട്സനും ബ്രാവോയുമെല്ലാം ഒറ്റയ്ക്ക് കളി മാറ്റിമറിക്കാന്പോന്നവരാണ്. ഹ!ര്‍ഭജന്‍ സിംഗ്, ഇമ്രാന് താഹിര്‍, രവീന്ദ്ര ജഡേജ എന്നിവരുള്‍പ്പെട്ട സ്പിന്‍ വിഭാഗവും കരുത്തര്‍.
ജസ്പ്രീത് ബുംറയും പാണ്ഡ്യ സഹോദരന്മാരും ഉണ്ടെങ്കിലും ബാറ്റിംഗില്‍ രോഹിത്തും ക്വിന്റണ്‍ ഡി കോക്കും മാത്രമേ മുംബൈ നിരയില്‍ വിശ്വസ്തരായിട്ടുള്ളൂ. ലസിത് മലിംഗ ആഭ്യന്തര ടൂര്‍ണമെന്റിനായി ശ്രീലങ്കയിലേക്ക് മടങ്ങിയതും മുംബൈയ്ക്ക് തിരിച്ചടിയാവും. മുംബൈയില്‍ അവസാനം ഏറ്റുമുട്ടിയ അഞ്ച് കളിയില്‍ നാലിലും ജയിച്ച ചരിത്രമാണ് മുംബൈയ്ക്ക് ആശ്വാസമാവുക. ആകെ ഏറ്റുമുട്ടിയ 26 കളിയില്‍ മുംബൈ 14ലും ചെന്നൈ 12ലും ജയിച്ചു.