ലോകകപ്പില്‍ പാക്കിസ്ഥാനെ വിലക്കണമെന്ന് ഇന്ത്യയ്ക്ക് ആവശ്യപ്പെടാന്‍ കഴിയില്ല..!!!

മുംബൈ: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ലോകകപ്പില്‍ കളിക്കുന്നതില്‍നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനു (ഐസിസി) നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കത്തു തയാറാക്കുന്നതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയാണ് കത്തു തയാറാക്കുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019ലെ ഏകദിന ലോകകപ്പില്‍നിന്ന് പാക്കിസ്ഥാനെ നിരോധിക്കണമെന്നാണ് കത്തിലെ മുഖ്യ ആവശ്യം. ഇല്ലെങ്കില്‍ ലോകകപ്പില്‍നിന്നു പിന്‍മാറുന്ന കാര്യം ഇന്ത്യയ്ക്ക് ആലോചിക്കേണ്ടി വരുമെന്നും കത്തിലുണ്ട്.

മുന്‍ ബിസിസിഐ അധ്യക്ഷന്‍ കൂടിയായ ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറിനുള്ളതാണ് കത്ത്. അതേസമയം, കത്ത് ഐസിസിക്ക് അയയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. നിയമവശങ്ങള്‍ കൂടി പരിഗണിച്ച് ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. എന്നാല്‍, ഈ വിഷയത്തില്‍ ബിസിസിഐയ്ക്കു തനിയെ ഒരു നിലപാടു സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മുന്‍പും കായിക രംഗത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഫിഫ ലോകകപ്പിലോ ഒളിംപിക്‌സിലോ അതിന്റെ പേരില്‍ ആരും പങ്കെടുക്കാതിരുന്നിട്ടില്ല. ഇതെല്ലാം ചില രാഷ്ട്രീയ നീക്കങ്ങള്‍ മാത്രമാണ്’ – ഇവര്‍ വ്യക്തമാക്കുന്നു.

പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ കത്തു നല്‍കുന്നതുകൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ‘രാജ്യാന്തര കായികരംഗത്തെക്കുറിച്ച് അത്യാവശ്യം ധാരണയുള്ളവര്‍ക്ക് ഈ വിഷയത്തില്‍ ബിസിസിഐ എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനമില്ലായ്മ വ്യക്തമാകും. ഒരു ടീമിനെ ടൂര്‍ണമെന്റില്‍നിന്ന് വിലക്കാന്‍ ആവശ്യപ്പെടാന്‍ ഒരു ബുദ്ധിമുട്ടുമില്ല. നടപ്പിലാക്കാനാണ് പാട്. ഇത് വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. ഒരു രാജ്യത്തിന്റെ മാത്രം താല്‍പര്യം പരിഗണിച്ച് തീരുമാനം കൈക്കൊള്ളാനാകില്ല. പാക്കിസ്ഥാനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സ്വയം വിഡ്ഢികളാകരുത്’- – എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരമൊരു കത്തിനു സാധുതയില്ലെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യോഗ്യത നേടിയാല്‍ മല്‍സരിക്കാമെന്നാണ് ഐസിസി ടൂര്‍ണമെന്റുകളുടെ പൊതുവായ ചട്ടം. ഇന്ത്യയ്ക്ക് പിന്‍മാറാമെന്നല്ലാതെ പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെടാനുള്ള യാതൊരു സാധ്യതയും ഐസിസി ഭരണഘടനയിലില്ലെന്നാണ് ഈ നീക്കത്തെ എതിര്‍ക്കുന്നവരുടെ വാദം.

pathram:
Leave a Comment