ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ നഷ്ടം ഇന്ത്യയ്ക്ക് മാത്രം; വിജയം പാക്കിസ്ഥാനും

ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ കളിക്കാതിരുന്നാല്‍ നഷ്ടം ഇന്ത്യയ്ക്ക് മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍. ഇന്ത്യ ലോകകപ്പ് മത്സരം ബഹിഷ്‌കരിച്ചാല്‍ അതെങ്ങനെയാണ് പാകിസ്താന് ദോഷം ചെയ്യുക. ഇന്ത്യ മത്സരം ബഹിഷ്‌കരിച്ചാല്‍ പാകിസ്താന് രണ്ട് പോയന്റ് വെറുതെ ലഭിക്കും. ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചാല്‍ വിജയം പാകിസ്താനായിരിക്കും. ഇന്ത്യ കളിക്കണം. പാകിസ്താനെ തോല്പിച്ച് അവര്‍ യോഗ്യത നേടുന്നില്ലെന്ന് ഉറപ്പാക്കണം. ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് ഇതുവരെ തോറ്റിട്ടില്ലെന്നോര്‍ക്കണം. പരസ്പരമുള്ള പരമ്പരകള്‍ ഒഴിവാക്കുക വഴി ഇന്ത്യയ്ക്ക് പ്രതിഷേധം തുടരാവുന്നതേയുള്ളൂ. അതേസമയം, കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുക്കുന്ന ഏതു തീരുമാനത്തെയും ഞാന്‍ മാനിക്കും.

ഞാന്‍ ഒരുപാട് ആരാധിക്കുന്ന കളിക്കാരനാണ് ഇപ്പോഴത്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതൊരു പുതിയ പാകിസ്താന്‍ ആയിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇമ്രാന്‍ ആദ്യ ചുവടുകള്‍ വെക്കണം. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യയിലേയ്ക്കുള് നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെ ഇന്ത്യയ്‌ക്കോ യു.എന്നിനോ കൈമാറാനും പാകിസ്താന്‍ തയ്യാറാവണം. ഇങ്ങനെയൊക്കെ ചെയ്താല്‍ ഇന്ത്യയില്‍ നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാവുംഗവാസ്‌കര്‍ പറഞ്ഞു.

ഹര്‍ഭജന്‍ സിങ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങളും ബി.സി.സി. ഐയിലെ ഒരു വിഭാഗവും പുല്‍വാമ ഭീകാരക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെടുന്നതിനിടെയാണ് ഗവാസ്‌ക്കറുടെ അഭിപ്രായപ്രകടനം. 2012 മുതല്‍ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ വിച്‌ഛേദിച്ചിരിക്കുകയായിരുന്നു. 2007ലാണ് ഇരു ടീമുകളും അവസാനമായി ഒരു പരമ്പര കളിച്ചത്.

pathram:
Related Post
Leave a Comment