തെരഞ്ഞെടുപ്പുകളില്‍ ഒന്നിച്ചു മത്സരിക്കും; ശിവസേനയും ബിജെപിയും സഖ്യം തന്നെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം രൂക്ഷ വിമര്‍ശം ഉന്നയിച്ചുവന്ന ശിവസേനയും ബിജെപിയും തമ്മില്‍ മഹാരാഷ്ട്രയില്‍ സഖ്യം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരേ പ്രത്യയശാസ്ത്രത്തിലാണ് രണ്ടു പാര്‍ട്ടികളും വിശ്വസിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ഒന്നിച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും 50 50 സീറ്റുകളില്‍ മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റിലും മത്സരിക്കും.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്രാ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 26 സീറ്റുകളിലും ശിവസേന 22 സീറ്റുകളിലും മത്സരിച്ചിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ശിവസേന രംഗത്തെത്തിയിരുന്നു. റഫാല്‍ വിഷയത്തിലടക്കം രൂക്ഷ വിമര്‍ശമാണ് അവര്‍ ഉന്നയിച്ചത്. റഫാല്‍ ഇടപാടിനെ അനുകൂലിച്ചാല്‍ ദേശസ്‌നേഹിയും വിമര്‍ശിച്ചാല്‍ ദേശവിരുദ്ധനും ആകുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് മുഖപത്രമായ സാംനയിലൂടെ ശിവസേന വിമര്‍ശം ഉന്നയിച്ചിരുന്നു.

അധികാരം ഇന്ദിരയ്ക്കും കോണ്‍ഗ്രസിനും ഓക്‌സിജന്‍ പോലെയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെയും ശിവസേന വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ ഓക്‌സിജന്‍ തീര്‍ന്നോ എന്ന ചോദ്യമുന്നയിച്ചായിരുന്നു വിമര്‍ശം. പ്രിയങ്കാഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടപ്പോള്‍ അവരെ അനുകൂലിച്ച് ശിവസേന വക്താവ് മനീഷ കയാന്ദെ രംഗത്തെത്തിയിരുന്നു.ജനങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ പ്രിയങ്കയില്‍ ഇന്ദിരയെത്തന്നെ കാണുമെന്നായിരുന്നു ശിവസേന വക്താവിന്റെ പരാമര്‍ശം.

Similar Articles

Comments

Advertismentspot_img

Most Popular