ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 പേര്‍ മരിച്ചു; 11 പേരെ കാണാതായി

ന്യൂഡല്‍ഹി: മധ്യഡല്‍ഹിയിലെ കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരു മലയാളിയടക്കം 17 പേര്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് കാണാതായ മലയാളികള്‍.

കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ആലുവ ചേരാനെല്ലൂര്‍, ചോറ്റാനിക്കര സ്വദേശികളായ പതിമൂന്നംഗ മലയാളി കുടുംബം ഈ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. ഈ സംഘത്തില്‍പ്പെട്ടയാളാണ് മരിച്ച ജയശ്രീയും കാണാതായ രണ്ടും പേരും. സംഘത്തിലെ മറ്റു 10 പേരും സുരക്ഷിതരാണ്. ഗാസിയാബാദില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് മലയാളികള്‍.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുപ്പതോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു കുഞ്ഞു മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു.

അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇത് രണ്ടാം നിലവരെ പടര്‍ന്നു. ഗ്രൗണ്ട് ഫ്‌ളോറിലും ബേസ്‌മെന്റിലും എത്തുന്നതിന് മുമ്പ് തീ അണച്ചു. 40 മുറികളാണ് അഞ്ചു നില ഹോട്ടലിലുള്ളത്.

ഹോട്ടലിന്റെ ഇടനാഴികള്‍ തടി പാകിയതിനാല്‍ തീ പെട്ടന്ന് പടര്‍ന്നു. ഇതോടെ ആളുകള്‍ക്ക് മുറികളില്‍ നിന്ന് ഇടനാഴി വഴി രക്ഷപ്പെടാന്‍ സാധിക്കാതെ വന്നു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7