കൊച്ചി: ശബരിമല വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടായിരിക്കണമെന്നും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനു സിപിഎമ്മിന്റെ കര്‍ശന നിര്‍ദേശം. പത്മകുമാറിന്റെ നിലപാടു കൊണ്ടു മാത്രമാണു ദേവസ്വം ബോര്‍ഡും സര്‍ക്കാരും പ്രതിസന്ധിയിലാവുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്മകുമാറിനെ അറിയിച്ചു. രാഷ്ട്രീയമായി ലഭിച്ച സ്ഥാനത്തിരുന്ന് പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദേശമാണു പാര്‍ട്ടി പത്മകുമാറിനു നല്‍കിയിരിക്കുന്നത്.
യുവതീപ്രവേശത്തില്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചതിനു തൊട്ടടുത്ത ദിവസം പത്മകുമാര്‍ ആറന്‍മുളയില്‍ നടത്തിയ പ്രസ്താവന ബാഹ്യശക്തികളുടെ ഇടപെടലോടെയാണെന്നാണു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിലപാടിന് അനുകൂലമായി സംസാരിച്ച് ഒരു രാത്രി കഴിഞ്ഞപ്പോള്‍ പത്മകുമാര്‍ നിലപാടു മാറ്റിയത് യുവതീപ്രവേശത്തിന് എതിരെ നില്‍ക്കുന്നവരുടെ താല്‍പര്യപ്രകാരമാണെന്ന സൂചന പാര്‍ട്ടിക്കു ലഭിച്ചിട്ടുണ്ട്.
സുപ്രീംകോടതിയിലേക്കു ദേവസ്വം കമ്മിഷണറെ അയയ്ക്കുന്നതിനു മുന്‍പു കൃത്യമായ നിര്‍ദേശം നല്‍കാതിരുന്നതു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീഴ്ചയായാണു സിപിഎം നേതൃത്വം കാണുന്നത്. മൂന്നു പേര്‍ കേസ് നടത്തിപ്പിനായി സുപ്രീംകോടതിയില്‍ പോയിട്ടും തന്നെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിച്ചെന്ന പരാതി ദേവസ്വം കമ്മീഷണര്‍ എന്‍. വാസു പാര്‍ട്ടി നേതൃത്വത്തെ അറിച്ചതോടെയാണു പത്മകുമാറിനെ നിയന്ത്രിക്കണമെന്ന നിര്‍ദേശം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്.
ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന വേണ്ടെന്നു സിപിഎം നേതൃത്വം പത്മകുമാറിനെ അറിയിച്ചു കഴിഞ്ഞു. ശബരിമലയില്‍ പാര്‍ട്ടിക്കൊപ്പമാണെന്ന പത്മകുമാറിന്റെ പ്രസ്താവന ബോര്‍ഡിനുള്ളില്‍ വെടിനിര്‍ത്തല്‍ ഉണ്ടായിക്കിയിട്ടുണ്ട്. എന്നാല്‍ പത്മകുമാര്‍ പ്രസിഡന്റായി വന്നതിനു ശേഷം ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം അതിന്റെ രീതിയിലല്ല നടന്നുപോകുന്നതെന്നു ദേവസ്വം കമ്മിഷണര്‍ പാര്‍ട്ടി നേതൃത്വത്തെ ബോധിപ്പിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പത്മകുമാര്‍ രാഷ്ട്രീയ എതിരാളികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുവെന്ന സംശയം സിപിഎം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. ഇതുകൊണ്ടാണു പത്മകുമാര്‍ പുറത്തേക്കു പോവുകയല്ല, പാര്‍ട്ടിക്കു വിധേയപ്പെടുകയാണു വേണ്ടതെന്ന നിലപാട് സിപിഎം സ്വീകരിച്ചത്.