വീട്ടില്‍ കയറി യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു; സൂര്യഗായത്രിക്ക് കുത്തേറ്റത് 17 തവണ

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. തിങ്കളാഴ്ച ഉച്ചയക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം.

ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. ഇവരേയും അരുണ്‍ അക്രമിച്ചിരുന്നു. യുവാവിന്റെ കാടത്തത്തില്‍ ശരീരമാസകലം കുത്തേറ്റുവീണ സൂര്യഗായത്രി അച്ഛനമ്മമാരുടെ പ്രതീക്ഷയായിരുന്നു. സൂര്യഗായത്രിയുടെ മനോബലമായിരുന്നു ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന മാതാപിതാക്കളെ മുന്നോട്ടു നയിച്ചിരുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നുകേട്ടത്. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസനെയും അരുണ്‍ ക്രൂരമായി മര്‍ദിച്ചു. സൂര്യയുടെ തലമുതല്‍ കാല്‍ വരെ പതിനേഴ് ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.

തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. അയല്‍ക്കാരുടെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി സമീപത്തെ വീട്ടിലെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നെടുമങ്ങാട് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. വഞ്ചിയൂര്‍, ആര്യനാട്, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ അരുണിനെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7