നടിയെ ആക്രമിച്ച കേസില്‍ നടിയ്‌ക്കെതിരെ പള്‍സര്‍ സുനി ഹൈക്കോടതിയില്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടിയ്‌ക്കെതിരെ പള്‍സര്‍ സുനി ഹൈക്കോടതിയില്‍. കേസിന്റെ എറണാകുളത്ത് നിന്ന് വിചാരണ മാറ്റരുതെന്ന ആവശ്യവുമായാണ് പള്‍സര്‍ സുനി ഹൈക്കോടതിയില്‍. വിചാരണ എറണാകുളത്ത് നിന്ന് മാറ്റണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കരുത്. മറ്റ് ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. പ്രതികളെ ബുദ്ധിമുട്ടിക്കാനാണ് നടിയുടെ ശ്രമം. സ്വതന്ത്ര്യവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കും.
വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാനുമാണ് നടിയുടെ ശ്രമം. ജയിലില്‍ ആയതിനാല്‍ സുനിക്ക് മറ്റ് ജില്ലകളില്‍ കേസ് നടത്താനുളള വരുമാനമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എറണാകുളം സെഷന്‍സ് കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇവിടെ തന്നെ വിചാരണ നടത്തണമെന്നും സുനി ആവശ്യപ്പെടുന്നു. കേസില്‍ വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജിയും സുനിയുടെ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ആക്രമിക്കപ്പെട്ട നടിയാണ് വിചാരണ വേഗത്തില്‍ ആക്കണമെന്നും വനിതാ ജഡ്ജിയെ കൊണ്ട് കേസ് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാര്‍ കോടതിക്ക് കൈമാറും. നേരത്തെ തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ വനിതാ ജഡ്ജിമാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിമാര്‍ ഇല്ലെന്നു രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
പ്രത്യേക വിജ്ഞാപനത്തിലൂടെ എറണാകുളം സിബിഐ കോടതിയിലെ വനിതാ ജഡ്ജിയെ കേസ് ഏല്‍പിക്കാന്‍ കഴിയുമോ എന്നു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ചാല്‍ വിജ്ഞാപനം ഇറക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ മറുപടിയും നല്‍കി. ഇതും ഇന്ന് പരിഗണിച്ചേക്കും.
ഇരയായ തനിക്ക് വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുട്ടുസ്വാമി കേസില്‍ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017 ലെ സുപ്രീംകോടതി വിധിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് കോടതി വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7