ന്യൂഡല്‍ഹി: നിയന്ത്രണ അതോറിറ്റിയുടെ പരിധിയില്‍വരാത്ത എല്ലാ നിക്ഷേപ പദ്ധതികളും നിരോധിക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശചെയ്ത ഭേദഗതിനിര്‍ദേശംകൂടി കണക്കിലെടുത്താണ് ഭേദഗതി.
രജിസ്റ്റര്‍ചെയ്യാത്ത കമ്പനികളും സ്ഥാപനങ്ങളും നിക്ഷേപം സ്വീകരിക്കുന്നതും പരസ്യം നല്‍കുന്നതും ശിക്ഷാര്‍ഹമായിരിക്കും. അത്തരം സ്ഥാപനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രശസ്തര്‍ പ്രവര്‍ത്തിക്കുന്നതും കുറ്റകരമാണ്. എല്ലാ കമ്പനികളുടെയും ഓണ്‍ലൈന്‍ ഡേറ്റ ഉണ്ടാക്കും.
നേരത്തേ അവതരിപ്പിച്ച ബില്ലിന് ക്രിമിനല്‍ കുറ്റം കര്‍ശനമാക്കിക്കൊണ്ട് സര്‍ക്കാര്‍തന്നെ ഭേദഗതി അവതരിപ്പിക്കും. കഴിഞ്ഞ ജൂലായ് 18-നാണ് ബില്‍ ആദ്യം അവതരിപ്പിച്ചത്. പല പേരുകളിലായി ഒട്ടേറെ നിക്ഷേപപദ്ധതികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 2015 മുതല്‍ മൂന്നുവര്‍ഷത്തിനിടയില്‍ 166 ചിട്ടിഫണ്ട് തട്ടിപ്പുകേസുകള്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് നിയമമന്ത്രി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കൂടുതലും ബംഗാളില്‍നിന്നും ഒഡിഷയില്‍നിന്നുമാണ്.
കൂടാതെ സിനിമകളുടെ ഡിജിറ്റല്‍ പതിപ്പ് വ്യാജമായി ഉണ്ടാക്കി വിതരണം ചെയ്യുന്നത് കര്‍ശനമായി തടയാന്‍ 1952-ലെ സിനിമാട്ടോഗ്രാഫി നിയമം ഭേദഗതിചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. വ്യാജമായി സിനിമകള്‍ നിര്‍മിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും നല്‍കാനാണ് വ്യവസ്ഥ.