ന്യൂഡല്‍ഹി: ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. സര്‍ക്കാര്‍ തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടതെന്നും മനീഷ് തിവാരി പറഞ്ഞു. ഇടക്കാല ബജറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കുമെന്ന് തിവാരിയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ബജറ്റ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ട്വീറ്റ്.
കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ആണ് ഇടക്കാലബജറ്റ് അവതരിപ്പിക്കുന്നത്. പാര്‍ലമെന്റിലെത്തും മുന്‍പ് പീയൂഷ് ഗോയല്‍ രാഷ്ട്രപതിയെ കണ്ടു. കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍ തുടങ്ങും. ബജറ്റിനു മുന്നോടിയായി ഓഹരിവിപണിയില്‍ ഉണര്‍വ് കണ്ടു. സെന്‍സെക്‌സ് 130 പോയിന്റ് ഉയര്‍ന്നു. അതേസമയം ബജറ്റിന് തൊട്ടുമുമ്പുള്ള സാമ്പത്തിക സര്‍വ്വെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വയ്ക്കാത്തത് വിവാദമായി. സാധാരണയായി ബജറ്റിന് തലേദിവസം സര്‍വ്വെ റിപ്പോര്‍ട്ട് സഭയില്‍ വെക്കാറുണ്ട്. 14 ദിവസങ്ങളിലായി 20 സിറ്റിങ്ങുകളാണ് ബജറ്റ് സമ്മേളനത്തിനുള്ളത്.
അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ ജയ്റ്റ്‌ലിയുടെ അഭാവത്തിലാണ് റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ തന്റെ കന്നി ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ബജറ്റിന് അവസാന രൂപം നല്‍കിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മന്ത്രി പ്രതികരണത്തിന് തയ്യാറായില്ല. സമ്പൂര്‍ണ്ണ ബജറ്റായിരിക്കുമെന്ന് ആദ്യം സൂചന നല്‍കിയ സര്‍ക്കാര്‍ പിന്നീട് ഇടക്കാല ബജറ്റെന്ന് തിരുത്തി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു. വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ച 6.7നേക്കാള്‍ അര ശതമാനം കൂടി 7.2 ആയെന്ന കണക്കുകള്‍ വൈകീട്ടോടെ സര്‍ക്കാര്‍ പുറത്തുവിട്ടു. ആയുഷ്മാന്‍ ഭാരത്, ഗ്രാമീണ വീട് നിര്‍മ്മാണം, നഗരഗതാഗതം തുടങ്ങിയവക്ക് ഊന്നല്‍ ഉണ്ടാകുമെന്നാണ് സൂചന.
വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കണമെന്നും സമ്പൂര്‍ണ ബജറ്റ് പാടില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റ് അവതരണത്തിന് മുമ്പ് ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനാണ് പ്രതിപക്ഷ തീരുമാനം. ശീതകാല സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതിരുന്ന ബില്ലുകളും പാര്‍ലമെന്റിലെത്തും. ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്‍, ആധാര്‍ ബില്‍, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയവയാണ് പരിഗണിക്കാനൊരുങ്ങുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമാണ് ഇടക്കാല ബജറ്റ്. കാര്‍ഷിക, ഗ്രാമീണമേഖലയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാകും ഊന്നല്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും സന്തോഷത്തിന് വകനല്‍കുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കും. പാവപ്പെട്ടവര്‍ക്ക് ഒരു നിശ്ചിത മാസവരുമാനം എന്ന ആശയം മുന്‍നിര്‍ത്തിയുള്ള സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി കൊണ്ടുവന്നേയ്ക്കാം. കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കുമോയെന്ന് വ്യക്തമല്ല. ആദായ നികുതി വരുമാന പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തിയേക്കും. നൈപുണ്യ വികസനം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് പരിഗണന ലഭിക്കും.
These pointers are being Circulated to Media people by Govt Sources . If all this or substantive amount of these proposals find reflection in the budget would it not tantamount to a BUDGET LEAK ? @RahulGandhi @AICCMedia @INCIndia @PTI_News @ndtv @IndiaTodayFLASH @MallikarjunINC pic.twitter.com/uPgAMjszNG
— Manish Tewari (@ManishTewari) February 1, 2019