കണ്ണൂരില്‍ ജയരാജനും സുധാകരനും ഏറ്റുമുട്ടും..?

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് കെ. സുധാകരനും പി. ജയരാജനും തമ്മില്‍ മത്സരിച്ചേക്കും. കഴിഞ്ഞ തവണ പി.കെ ശ്രീമതിയോട് പരാജയപ്പെട്ട് സീറ്റ് കൈവിട്ട് പോയെങ്കിലും ഇത്തവണ സീറ്റ് തിരിച്ചു പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കെ. സുധാകരനല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലില്ല.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ സുധാകരന്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് അണികള്‍ തൃപ്തരാണ്. മുന്നണിയിലെ ഘടകകക്ഷികള്‍ക്കും സുധാകരനോട് എതിര്‍പ്പില്ല. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി മാത്രമാണ് സുധാകരന് മുന്നിലുള്ള ഏക കടമ്പ. സതീശന്‍ പാച്ചേനിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ രംഗത്തുണ്ട്.

പി. ജയരാജനാണ് സി.പി.എമ്മില്‍ പ്രഥമ പരിഗണന. പതിമൂന്ന് വര്‍ഷമായി മത്സരരംഗത്ത് ഇല്ലാത്തയാളാണ് ജയരാജന്‍. ശുഹൈബ്, ഷുക്കൂര്‍ വധക്കേസുകളിലടക്കം ജയരാജന്‍ ആരോപണവിധേയനാണ് എന്നതാണ് പാര്‍ട്ടിക്ക് മുന്നിലുള്ള പ്രതിബന്ധം. ജയരാജന്‍ സ്ഥാനാര്‍ത്ഥി ആയാല്‍ കൊലക്കേസ് ഉന്നയിക്കാന്‍ എതിരാളികള്‍ക്ക് അവസരമൊരുങ്ങും. ഇതാണ് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നത്.

പി. ജയരാജനല്ലെങ്കില്‍ കണ്ണൂരില്‍ സിറ്റിംഗ് എം.പി പി.കെ ശ്രീമതി തന്നെ മത്സരിച്ചേക്കും. കണ്ണൂരില്‍ ശ്രീമതി മത്സരിച്ചാല്‍ ജയരാജന് വടകര സീറ്റ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പി. ജയരാജന്റെ സ്വന്തം വോട്ട് വടകര മണ്ഡലത്തിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular