രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ബേ ഓവലില്‍ കിവികള്‍ 90 റണ്‍സിന്റെ തോല്‍വി വഴങ്ങി. ഇന്ത്യയുയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 40.2 ഓവറില്‍ 234 റണ്‍സില്‍ പുറത്തായി. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപാണ് ന്യൂസീലന്‍ഡിനെ എറിഞ്ഞൊതുക്കിയത്. ചാഹലും ഭുവിയും രണ്ട് വീതവും ഷമിയും ജാദവും ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ കിവികള്‍ക്ക് 51 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ടീം സ്‌കോര്‍ 23ല്‍ നില്‍ക്കേ ഗപ്റ്റിലിനെ(16 പന്തില്‍ 15) ഭുവിയുടെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചില്‍ ചാഹല്‍ പറഞ്ഞയച്ചു. 11 പന്തില്‍ 20 റണ്‍സെടുത്ത നായകന്‍ വില്യംസിനെ ഷമി ബൗള്‍ഡാക്കി. പൊരുതി നോക്കിയ മണ്‍റോയെ 31ല്‍ നില്‍ക്കേ ചാഹല്‍ മടക്കിയതോടെ കിവികള്‍ 843.

റോസ് ടെയ്‌ലറിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. 22 റണ്‍സെടുത്ത ടെയ്‌ലറെ ജാദവിന്റെ പന്തില്‍ ധോണി മിന്നല്‍ സ്റ്റംപിങില്‍ പുറത്താക്കി. പിന്നാലെ മധ്യനിരയെ കുല്‍ദീപ് കറക്കി വീഴ്ത്തി. ടോം ലഥാം(34), ഗ്രാന്‍ഡ്‌ഹോം(3), നിക്കോളസ്(28), സോധി(0) എന്നിവരാണ് കുല്‍ദീപിന്റെ പന്തില്‍ പുറത്തായത്.

എന്നാല്‍ ഫെര്‍ഗുസനെ കൂട്ടുപിടിച്ച് അര്‍ദ്ധ സെഞ്ചുറിയുമായി കുതിച്ച ബ്രേസ്‌വെല്‍ ഇന്ത്യയുടെ ജയം വൈകിപ്പിച്ചു. എന്നാല്‍ 40ാം ഓവറില്‍ ഭുവി ഈ കൂട്ടുകെട്ട് പൊളിച്ചു. ബ്രേസ്‌വെല്‍ 46 പന്തില്‍ 57 റണ്‍സെടുത്തു. ചാഹലിന്റെ തൊട്ടടുത്ത ഓവറില്‍ ഫെര്‍ഗൂസണ്‍(12) അവസാനക്കാരനായി പുറത്തായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് സ്വപ്നതുല്ല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 25.2 ഓവറില്‍ 154 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 67 പന്തില്‍ ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സടിച്ച ധവാന്റെ വിക്കറ്റാണ് ആദ്യം വീണത്. ബൗള്‍ട്ടിന്റെ പന്തില്‍ ലാഥം ക്യാച്ചെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ രോഹിത് ശര്‍മ്മയും ക്രീസ് വിട്ടു. 96 പന്തില്‍ ഒമ്പത് ഫോറിന്റേയും മൂന്ന് സിക്‌സിന്റേയും അകമ്പടിയോടെ രോഹിത് 87 റണ്‍സടിച്ചു. ഏകദിനത്തില്‍ രോഹിതിന്റെ 38ാമത്തേയും ധവാന്റെ 27ാമത്തേയും അര്‍ദ്ധ സെഞ്ചുറിയാണ്.

സെഞ്ചുറിയിലേക്ക് നീങ്ങവെ രോഹിതിനെ 87ല്‍ നില്‍ക്കേ ഫെര്‍ഗുസന്‍ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 172. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കോഹ്‌ലിയും റായുഡുവും ഇന്ത്യയെ മുന്നോട്ടുനയിച്ചു. എന്നാല്‍ 40ാം ഓവറിലെ ആദ്യ പന്തില്‍ ബോള്‍ട്ടിന്റെ ബൗണ്‍സറില്‍ കോഹ്‌ലി വീണു. സോധിയുടെ കൈകളില്‍ 43 റണ്‍സുമായി കോഹ്‌ലിയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. സ്‌കോര്‍ മൂന്നിന് 236.

എന്നാല്‍ ധോണിയെ കൂട്ടുപിടിച്ച് റായുഡു അടിതുടങ്ങിയപ്പോള്‍ ഇന്ത്യ വീണ്ടും കൂറ്റന്‍ സ്‌കോര്‍ മുന്നില്‍കണ്ടു. ഇരുവരുടെയും ഇന്നിംഗ്‌സ് ഇന്ത്യയെ അവസാന ഓവറുകള്‍ വരെ നയിക്കുമെന്ന് തോന്നിച്ചെങ്കിലും ഫെര്‍ഗൂസന്‍ വില്ലനായി. ധോണി തളരാതെ കളിച്ചപ്പോള്‍ 46ാം ഓവറില്‍ റായുഡു(47) റിട്ടേണ്‍ ക്യാച്ചില്‍ പുറത്ത്. അവസാന നാല് ഓവറുകളില്‍ 48 റണ്‍സ് ഇന്ത്യ അക്കൗണ്ടിലാക്കി. ധോണി 33 പന്തില്‍ 48 റണ്‍സും ജാദവ് 10 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.

ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഏകദിന സ്‌കോറാണിത്. 2009ല്‍ െ്രെകസ്റ്റ് ചര്‍ച്ചില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 393 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ആദ്യ ഏകദിനം ജയിച്ച ഇന്ത്യ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0നു മുന്നിലാണ്. ബാറ്റിങ്ങിനിറങ്ങിയവരെല്ലാം ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. ശിഖര്‍ ധവാന്‍ (67 പന്തില്‍ 66), രോഹിത് ശര്‍മ (96 പന്തില്‍ 87), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (45 പന്തില്‍ 43), അമ്പാട്ടി റായുഡു (49 പന്തില്‍ 47) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ന്യൂസീലന്‍ഡിനായി ട്രെന്റ് ബൗള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Similar Articles

Comments

Advertismentspot_img

Most Popular