അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി തടഞ്ഞ് മമതാ സര്‍ക്കാര്‍

കൊല്‍ക്കത്ത: അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി തടഞ്ഞ് മമതാ സര്‍ക്കാര്‍. പശ്ചിമബംഗാളില്‍ ബിജെപി നടത്താനിരിക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തുന്ന അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതിയാണ് ജില്ലാഭരണകൂടം നിഷേധിച്ചത്. നാളെയാണ് ബിജെപിയുടെ റാലി തീരുമാനിച്ചിട്ടുള്ളത്. ബംഗാളിലെ ജനാധിപത്യം അപകടത്തിലാണെന്ന് ബിജെപി പ്രതികരിച്ചു.
അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈയാഴ്ച ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തി. ബംഗാളില്‍ ബിജെപിയുടെ റാലി തടയാന്‍ മമതയ്ക്ക് കഴിയില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു.
ബംഗാളില്‍ കഴിഞ്ഞ മാസം ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ബിജെപി സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതികളും ശരിവച്ചു. തുടര്‍ന്നാണ് ബംഗാളില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പങ്കെടുപ്പിച്ചുകൊണ്ട് റാലി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ നാളെ റാലിയില്‍ പങ്കെടുക്കാന്‍ അമിത്ഷാ എത്തുന്ന ഹെലിക്കോപ്റ്ററിന് മാള്‍ഡ വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള അനുമതി ജില്ലാഭരണകൂടം നിഷേധിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററുകള്‍ എല്ലാ ബുധനാഴ്ചയും ഇവിടെ ഇറങ്ങുന്നുണ്ടെന്നും ഇക്കാര്യം വിശദീകരിക്കണമെന്നും ബിജെപി വ്യക്തമാക്കി. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ അനുമതി തേടി ബിജെപി ബിഎസ്എഫിന് കത്ത് കൈമാറി. മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലി വന്‍വിജയമായതിനു പിന്നാലെയാണ് 42 മണ്ഡലങ്ങളിലും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7