ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവുശിക്ഷ

പഞ്ച്കുള: മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് ജീവപര്യന്തം തടവുശിക്ഷ. ദേര ആസ്ഥാനത്തെ ലൈംഗിക അതിക്രമം പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് ഗുര്‍മീത് അടക്കം നാല് പ്രതികള്‍ക്ക് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതി തടവ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ 50,000 രൂപ വീതം പിഴയും അടയ്ക്കണം.

മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്ര ഛത്രപതി കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2002ലാണ് ഹരിയാനയിലെ ‘പുരാ സച്ച്’ പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് സ്ത്രീകളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയത്.

കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കുല്‍ദീപ് സിങ്, നിര്‍മല്‍ സിങ്, കൃഷ്ണന്‍ ലാല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ആദ്യം പോലീസ് അന്വേഷിച്ച കേസ് 2006ല്‍ സി.ബി.ഐ. ഏറ്റെടുത്തു. നിലവില്‍ ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന റാം റഹീം സിങിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാമചന്ദ്ര വധക്കേസില്‍ വിചാരണ ചെയ്തത്. കേസിന്റെ ശിക്ഷ വിധിക്കുന്നത് കണക്കിലെടുത്ത് പഞ്ച്കുളയില്‍ വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7