ലാസ്‌വേഗാസ് : കാറിനകത്തിരുന്ന് ചൂടേറ്റ് മരണാസന്നയായ ഒരു വയസ്സുള്ള മകളെ രക്ഷിക്കാൻ കാറിന്റെ വിൻഡോ ഗ്ലാസ് തകർക്കുന്നതിന് വിസമ്മതിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂർ നീണ്ടു നിന്ന തർക്കത്തിനൊടുവിൽ കാറിനുള്ളിൽ ഒരു വയസ്സുകാരി ചൂടേറ്റ് മരിച്ചു.
ഒക്ടോബർ 5 തിങ്കളാഴ്ചയായിരുന്നു സംഭവം. കാറിനകത്ത് കീ മറന്ന വച്ചെന്നും, ഗ്ലാസ് തുറക്കാൻ ഉടനെ കൊല്ലനെ വിളിക്കണമെന്നും കുട്ടിയുടെ പിതാവായ സിഡ്നി ഡീൽ തന്റെ സഹോദരനെ ഫോണിൽ വിളിച്ചു ആവശ്യപ്പെട്ടു. കുട്ടി കാറിനകത്തുണ്ടെന്നും എയർകണ്ടീഷൻ വർക്ക് ചെയ്യുന്നുണ്ടെന്നും സിഡ്നി പറഞ്ഞു. കൊല്ലൻ ആവശ്യപ്പെട്ട തുക നൽകാൻ സിഡ്നി വിസമ്മതിച്ചു. ഇതിനെ തുടർന്ന് സഹോദരൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കാറിന്റെ വിൻഡോ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഉടനെ ചില്ലുകൾ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് പൊലീസ് സിഡ്നിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് പുതിയ കാറാണെന്നും ചില്ലുകൾ പൊട്ടിച്ചാൽ അത് നന്നാക്കാൻ തന്റെ കയ്യിൽ പണമില്ലെന്നും സിഡ്നി പറഞ്ഞു. പൊലീസ് ബലം പ്രയോഗിച്ചു വിൻഡോ ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കേസ്സെടുത്തു. ഒക്ടോബർ 8ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.
അമേരിക്കയിൽ 2020 ൽ ചൂടേറ്റ് കാറിലിരുന്നു മരിക്കുന്ന ഇരുപത്തിമൂന്നാമത്തെ സംഭവമാണിത്.