മകരജ്യോതി ദര്‍ശിച്ച് ഭക്തസഹസ്രങ്ങള്‍

സന്നിധാനം: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ശരണം വിളികളാല്‍ സന്നിധാനം ഭക്തിസാന്ദ്രമായി. ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി കാത്തിരുന്ന ഭക്തലക്ഷങ്ങളാണ് മകരജ്യോതി കണ്ട് തൊഴുതത്. അതേ സമയം പൊന്നമ്പലമേടിന്റെ ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിഞ്ഞു.

വൈകിട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. മരക്കൂട്ടത്ത് വൈകിട്ട് അഞ്ചരയോടെ എത്തിയ തിരുവാഭരണഘോഷയാത്രയെ എക്‌സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോര്‍ഡ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവര്‍ ഏറ്റുവാങ്ങി. പതിനെട്ടാം പടിയിലെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് ദീപാരാധനയ്ക്കായി നട അടച്ചു.

ഭക്തരുടെ തിരക്ക് കാരണം നിലയ്ക്കല്‍ ബേസ് ക്യാംപ് നിറഞ്ഞുകവിഞ്ഞ നിലയിലാണ്. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തര്‍ എത്തിയിരിക്കുന്നത്. ഇക്കൊല്ലം മകരസംക്രമപൂജയ്ക്കുള്ള മുഹൂര്‍ത്തം വൈകിട്ട് 7.52നാണ്. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് ദൂതന്‍ വഴി എത്തിച്ച അയ്യപ്പമുദ്രയിലെ നെയ്യാണ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നത്. ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റി വീണ്ടും ചാര്‍ത്തിയാണ് പൂജ നടത്തുക.

Similar Articles

Comments

Advertismentspot_img

Most Popular