കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ ആളുകളെ കൊണ്ടുപോയ ബോട്ട് തിരിച്ചറിഞ്ഞു. ദേവമാതാ എന്ന ബോട്ടാണ് കണ്ടെത്തിയതെന്നാണ് ആലുവ റൂറല്‍ എസ് പി രാഹുല്‍ ആര്‍. നായര്‍ പറയുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള റാക്കറ്റാണ് ഇതിന് പിന്നിലെന്നും എസ് പി പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുനമ്പത്തുനിന്ന് പുറപ്പെട്ട സംഘത്തില്‍ കുട്ടികളും ഒരു ഗര്‍ഭിണിയും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
നാല്‍പ്പത് പേരടങ്ങുന്ന സംഘമാണ് ഓസ്‌ട്രേലിയയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. രണ്ടിടങ്ങളിലായിട്ടാണ് ഇവര്‍ ഉപേക്ഷിച്ച നിലയില്‍ ബാഗുകള്‍ കണ്ടെത്തിയത്. ആന്ധ്രാ കോവളം സ്വദേശികളുടെ ബോട്ടായ ദേവമാതയിലാണ് ഇവര്‍ കടന്നതെന്നാണ് അറിയുന്നത്. ശ്രീലങ്കന്‍ തീരസേനയുടെ കണ്ണ് വെട്ടിച്ചാണ് ഇവര്‍ കടന്നതെന്നുമാണ് സൂചന.
ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലെത്തിയവര്‍ താമസിച്ചത് ചെറായിലെ സ്വകാര്യ ഹോം സ്‌റ്റേയിലാണെന്ന് ഹോം സ്‌റ്റേ ഉടമ പറഞ്ഞു. ആദ്യം അഞ്ച് പേരുടെ കുടുംബം മുറിയെടുത്തു. ഈ കൂട്ടത്തില്‍ ഒരു ഗര്‍ഭിണിയും ഉണ്ടായിരുന്നു. അടുത്ത ദിവസം 14 പേരുടെ സംഘവുമെത്തി. കന്യാകുമാരി പോകും വഴി കൊച്ചി സന്ദര്‍ശിക്കാനാണ് ചെറായിയില്‍ മുറിയെടുത്തതെന്നാണ് ഇവര്‍ പറഞ്ഞതെന്നും ബീച്ച് വാലി റിസോര്‍ട്ട് ഉടമ തമ്പി പറഞ്ഞു
ജനുവരി അഞ്ച് മുതല്‍ 12ാം തീയതി വരെ ഏഴ് ദിവസമാണ് ഇവര്‍ ഇവിടെ തങ്ങിയതെന്നും തമ്പി പറഞ്ഞു. ഇവര്‍ തിരിച്ചറിയല്‍ രേഖയായി നല്‍കിയത് ആധാര്‍ കാര്‍ഡാണ്. ദില്ലി സ്വദേശികളുടെ കാര്‍ഡാണ് നല്‍കിയതെന്നും തമ്പി വ്യക്തമാക്കി. അതേസമയം കൊടുങ്ങല്ലൂരില്‍ തെക്കേ നടയില്‍ 23 ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മുനമ്പം മനുഷ്യ കടത്തുമായി ബന്ധമുണ്ടോ എന്ന സംശത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയാണ്. ബാഗിനുള്ളില്‍ മരുന്നുകളും വസ്ത്രങ്ങളുമാണെന്നാണ് സൂചന.
ശനിയാഴ്ച്ച പുലര്‍ച്ചെ ട്രാവലറിലെത്തിയവരാണ് തെക്കെ നടയില്‍ ബാഗുകള്‍ ഉപേക്ഷിച്ച് പോയത്. കൂടെയുണ്ടായിരുന്നവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടുവെന്ന് പറഞ്ഞാണ് ഇവര്‍ ബാഗുകള്‍ എടുക്കാതെ പോയത്. തുടര്‍ന്ന് നാട്ടുകാരും പോലീസും അവ സൂക്ഷിച്ചു വെച്ചു. മുനമ്പത്തെ സംഭവം പുറത്തു വന്നതോടെയാണ് സംശയം ബലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.