കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന സന്ദേശം ഉയര്‍ത്തി ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുര്‍ഗയുമെത്തി. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ യുവതികള്‍ ഇതുവരെ പൊലീസ് സംരക്ഷണത്തിലായിരുന്നു. ആര്‍പ്പോ ആര്‍ത്തവത്തിന് വരണം എന്ന് നേരത്തെ കരുതിയതാണെന്ന് ഇരുവരും വിശദമാക്കി. പോലീസ് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം രീതിയില്‍ ആണ് പരിപാടിക്ക് വന്നത്. പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. ഞങ്ങള്‍ തെറ്റുകള്‍ ചെയ്തവരല്ലെന്നും ഇവര്‍ പറഞ്ഞു.
എറണാകുളം മറൈന്‍ ഡ്രൈവിലെ ഹെലിപാട് മൈതാനത്ത് ഇന്നലെയാണ് തൊട്ടുകൂടായ്മയ്‌ക്കെതിരെ പ്രതിഷേധ ശബ്ദമായി പരിപാടിയ്ക്ക് തുടക്കമായത്. ആര്‍ത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തും നിന്നുമായി നിരവധി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ എത്തി.
പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. കൊച്ചിയില്‍ രണ്ടു പരിപാടികളില്‍ പങ്കെടുത്തുവെങ്കിലും ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ എത്തില്ല എന്നു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. അതേസമയം സാമൂഹിക സാംസ്‌കാരിക രംഗത്തു നിന്നുള്ള നിരവധി പേര്‍ പരിപാടിക്ക് പിന്തുണയുമായി എത്തി.
പോയേ മതിയാകൂ എന്നത് ഞങ്ങളുടെ പിടിവാശി ആയിരുന്നു; കനകദുര്‍ഗയും ബിന്ദുവും അജ്ഞാത കേന്ദ്രത്തില്‍നിന്ന്
ആര്‍ത്തവ അയിത്തത്തിനെതിരെ സംസ്ഥാനത്ത് നിയമം പാസാക്കണമെന്ന ആവശ്യം കൂട്ടായ്മ ഉയര്‍ത്തുന്നുണ്ട്. ഈ വിഷയത്തിലും ഇതോടൊപ്പം ശബരിമല വിധി, നവോത്ഥാനം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കും. പൊതുസമ്മേളനത്തില്‍ സിപിഐ ദേശീയ നേതാവ് ആനി രാജ,കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, ആദിവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനു, കൊച്ചി മുസിരിസ് ബിനാലെ കുറേറ്റര്‍, അനിത ദുബൈ, കെ ആര്‍ മീര, സുനില്‍ പി ഇളയിടം തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.