പമ്പ: സന്നിധാനത്തേയ്ക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയെങ്കിലും പമ്പയിലെത്തിയ യുഡിഎഫ് സംഘം പോകുന്നില്ലെന്ന് തീരുമാനിച്ചു. ഗവര്‍ണറെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താനാണ് യുഡിഎഫിന്റെ തീരുമാനം. സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ല. എന്നാല്‍ ഭക്തര്‍ക്ക് വേണ്ടി തങ്ങളുടെ പ്രതിഷേധം ഇവിടെ ഉന്നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞിരുന്നു. എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ നിലയ്ക്കലില്‍ കുത്തിയിരുന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുകയായിരുന്നു. സാധാരണ ഭക്തരെക്കൂടി സന്നിധാനത്തേക്ക് കയറ്റിവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.