സിഡ്‌നി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹാര്‍ദിക് പാണ്ഡ്യയേയും കെ.എല്‍ രാഹുലിനേയും തള്ളി പറഞ്ഞ് ക്യാപ്റ്റന്‍ വിരാട് കോലി. അനാവശ്യ പരാമര്‍ശങ്ങളെ പിന്തുണയ്ക്കില്ലെന്നും താരങ്ങള്‍ ഇത്തരം പ്രസ്താവന നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും കോലി പറഞ്ഞു. ഹാര്‍ദിക്കിന്റെയും രാഹുലിന്റെയും പരാമര്‍ശം വ്യക്തിപരമാണ്. ഇത് ടീമിനെ ഒരു തരത്തിലും ബാധിക്കില്ല. ഇരുവരെയും വിലക്കുന്നത് സംബന്ധിച്ച് ബിസിസിഐ തീരുമാനമെടുക്കുമെന്നും ഇതനുസരിച്ച് ടീമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരന്പരയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോലി പറഞ്ഞു.
അതേസമയം, പരാമര്‍ശം നടത്തിയ ഇരു താരങ്ങള്‍ക്കുമെതിരെ ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. ഇരുവരെയും രണ്ട് കളിയില്‍ നിന്ന് വിലക്കാനാണ് ഇടക്കാലഭരണ സമിതി അധ്യക്ഷന്‍ വിനോദ് റായി ശുപാര്‍ശ നല്‍കിയത്. ബിസിസിഐ നിയമകാര്യസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം, ഭരണസമിതി അംഗം ഡയാന എഡുല്‍ജിയുടെ നിലപാട് കൂടി അറിഞ്ഞശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.
എന്നാല്‍, ഇരുവരെയും ദീര്‍ഘകാലത്തേക്ക് മാറ്റിനിര്‍ത്തണെമന്ന് ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി ആവശ്യപ്പെട്ടു. ഹാര്‍ദിക്കിന് മാത്രം കടുത്ത ശിക്ഷ നല്‍കണമെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്