മുംബൈ: ലൈംഗിക ജീവിതത്തെ കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ വിവാദ പ്രസ്താവനകളില്‍ നടപടി വേണമെന്ന് ബിസിസിഐയില്‍ ആവശ്യം. ‘ബിസിസിഐയെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും അപമാനിക്കുന്നതായി പാണ്ഡ്യയുടെ പ്രതികരണങ്ങള്‍. ഇതിന് മാപ്പുപറച്ചില്‍ പരിഹാരമാകില്ല. യുവ തലമുറയ്ക്ക് മാതൃകയാകാന്‍ താരത്തിനെതിരെ ശക്തമായ നടപടി വേണമെന്ന്’ ഒരു ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയും ഈ വിഷയം പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരാമര്‍ശങ്ങള്‍ വിവാദമായതോടെ മാപ്പുപറഞ്ഞ് തടിയൂരാന്‍ ഹാര്‍ദിക് പാണ്ഡ്യ ശ്രമം നടത്തിയിരുന്നു. കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയില്‍ അവതാരകന്‍ കരണ്‍ ജോഹറിനോട് ഹാര്‍ദിക് നടത്തിയ വെളിപ്പെടുത്തലുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.
കോഫീ വിത്ത് കരണിലെ തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പരിപാടിയുടെ സ്വഭാവത്തില്‍ നിന്നും താന്‍ അല്‍പം വ്യതിചലിക്കുകയായിരുന്നുവെന്നും ഹാര്‍ദിക് ഇന്ന് മാപ്പ് പറഞ്ഞിരുന്നു.
നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഹാര്‍ദിക് പരിപാടിയില്‍ പറഞ്ഞിരുന്നു. പാര്‍ട്ടികളില്‍ സ്ത്രീകളുടെ പേര് ചോദിക്കാറില്ലെന്നും ഒരേ സന്ദേശങ്ങള്‍ നിരവധി സ്ത്രീകള്‍ക്ക് അയക്കാറുണ്ടെന്നും പാണ്ഡ്യ വെളിപ്പെടുത്തിയതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.
വെസ്റ്റ് ഇന്‍ഡീസുകാരനാണോയെന്ന് നിരവധിയാളുകള്‍ ചോദിച്ചിട്ടുണ്ടെന്നും ആഫ്രിക്കന്‍ സംസ്‌കാരത്തോടും ഫാഷനോടും ഏറെ താല്‍പര്യമുണ്ടെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. ഹാര്‍ദികിനൊപ്പം കോഫീ വിത്ത് കരണില്‍ പങ്കെടുത്ത സഹതാരം കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.