പീരുമേട്: വീട്ടമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതിനു ശേഷം കെട്ടിത്തൂക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഏലപ്പാറ കീഴക്കേചെമ്മണ്ണ് മൊട്ടലയത്തില്‍ ഷെര്‍ളി (27) ആണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഓട്ടോ െ്രെഡവര്‍ ഭാഗ്യരാജ് (31) ആണു പിടിയിലായത്. സംശയരോഗമാണു കാരണമെന്നും മുന്‍പും ഷേര്‍ളിയെ ഭാഗ്യരാജ് ആക്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കു 12 ന്, ഭാഗ്യരാജും ഷെര്‍ളിയും താമസിക്കുന്ന എസ്‌റ്റേറ്റ് ലയത്തിലായിരുന്നു കൊലപാതകം. 12.30ന് ഭാഗ്യരാജ് വീട് പൂട്ടി ഇറങ്ങിപ്പോകുന്നതു കണ്ട തൊഴിലാളി സ്ത്രീകള്‍ വീടു തുറന്നു നോക്കിയപ്പോഴാണു ഷെര്‍ളിയെ മരിച്ച നിലയില്‍ കണ്ടത്. തൊഴിലാളികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ലയത്തിന്റെ നടുമുറിയില്‍ വച്ച് ഭാഗ്യരാജ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് അടുക്കളയിലേക്കു കൊണ്ടു വന്നതായി പൊലീസ് പറയുന്നു. കഴുത്തില്‍ സാരി മുറുക്കിക്കെട്ടിയ ശേഷം വലിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശേഷം അടുക്കള വാതിലിനോടു ചേര്‍ന്നു മ്യതദേഹം കെട്ടിവെച്ച് ഭാഗ്യരാജ് ഏലപ്പാറയിലേക്കു കടക്കുകയായിരുന്നു. അവിടെ നിന്നാണു നാട്ടുകാര്‍ പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ 7നു വാഗമണ്ണില്‍ വച്ച് ഭാഗ്യരാജ് ഷേര്‍ലിയുടെ കഴുത്തിനു വെട്ടിയിരുന്നു. കോട്ടയം മെഡിക്കല്‍കോളജില്‍ ചികിത്സയിലായിരുന്ന ഷെര്‍ളി നടക്കാന്‍ കഴിയാത്തതിനാല്‍ ലയത്തിനകത്തെ മുറിയിലാണു കഴിഞ്ഞിരുന്നത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റെന്ന പേരിലാണ് ഷെര്‍ളി ചികിത്സ തേടിയിരുന്നത്. അതിനാല്‍ പൊലീസ് കേസ് ഉണ്ടായില്ല. ചികിത്സയ്ക്കു പിന്നാലെ ഇവര്‍ വാഗമണ്ണിലെ ഭാഗ്യരാജിന്റെ വീട്ടില്‍ നിന്നു കിഴക്കേചെമ്മണ്ണിലെ വീട്ടിലേക്കു താമസം മാറ്റുകയായിരുന്നു.