കണ്ണൂര്‍: ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരുഷന്‍മാരെ പങ്കെടുപ്പിക്കാതെ എന്ത് നവോത്ഥാനം എന്ന ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായി, വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എതിര്‍വശത്ത് പുരുഷന്‍മാരുടെ മതിലും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയം മാത്രമല്ല വനിതാ മതില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാറപ്രത്ത് പൊതുസമ്മേളനത്തിനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘സ്ത്രീകള്‍ക്കെതിരേയുള്ള കടന്നുകയറ്റത്തെ എതിര്‍ക്കേണ്ടത് സ്ത്രീകള്‍ തന്നെയാണ്. എന്നാല്‍ ശബരിമല സ്ത്രീപ്രവേശന വിഷയം മാത്രമല്ല വനിതാ മതില്‍ കൊണ്ടു ഉദ്ദേശിക്കുന്നത്. നവ്വോത്ഥാന മുന്നേറ്റത്തില്‍ സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിച്ച അനേകം മുസ്ലിം സ്ത്രീകളും ക്രിസ്ത്യന്‍ സ്ത്രീകളുമുണ്ട്. അവര്‍ ഭാഗഭാക്കായ സംഘടനകളെയെല്ലാം വനിതാമതിലിന്റെ ഭാഗമാക്കണമെന്നത് ആലോചന ഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്നു. അവരില്‍ പലരും പിന്തുണ അറിയിച്ചിട്ടുമുണ്ട്’.
മറ്റു മതത്തിലെ സ്ത്രീകള്‍ എത്രത്തോളം പങ്കെടുത്തുവെന്നറിയാന്‍ ജനുവരി ഒന്നിന് വൈകുന്നേരം റോഡിലിറങ്ങി നോക്കിയാല്‍ മതിയെന്നും രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
‘സ്ത്രീ എല്ലാ കാലഘട്ടത്തിലും ഒട്ടേറെ അടിച്ചമര്‍ത്തലുകള്‍ നേരിടുന്നുണ്ട്. സ്ത്രീ നേടിയെടുത്ത അവകാശങ്ങള്‍ പോലും തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. അതിനുള്ള പ്രതിരോധം തീര്‍ക്കലാണ് വനിതാമതില്‍. വനിതാമതിലിന്റെ എതിര്‍വശത്ത് പുരുഷന്‍മാരുടെ മതിലും കാണാം.
വനിതാ മതിലിനായി നിര്‍ബന്ധിത പണപ്പിരിവ് നടത്തി എന്നത് ശുദ്ധ നുണയാണ്. അത്തരം പരാതികള്‍ തെളിവു സഹിതം എഴുതി നല്‍കിയാല്‍ തീര്‍ച്ചയായും നടപടിയെടുക്കും. വനിതാമതിലില്‍ പങ്കെടുക്കാന്‍ ഒരു മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥന്‍ നിര്‍ബന്ധിക്കില്ല. പക്ഷെ പൊതുവെ സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് അത്തരം പരിപാടികള്‍ക്കുള്ള തടസ്സം ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.
മതിലിനായി ഒരു പൈസ പോലും ഖജനാവില്‍ നിന്ന് ചെലവാക്കില്ല. കേരളത്തിന് പുറത്തുള്ളവരടക്കം വനിതാ മതിലില്‍ പങ്കെടുക്കുമെന്നും പിണറായി പ്രസംഗത്തില്‍ പറഞ്ഞു.