നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്

ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പുസ്തകം. നോട്ട് അസാധുവാക്കലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്ന് അദ്ദേഹം ആരോപിക്കുന്നു. ‘ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ ഗവണ്‍മെന്റ് ബ്രോക്ക് ദി ഇക്കണോമി’ എന്ന പുസ്തകത്തിലാണ് ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുള്ള യസ്വന്ത് സിന്‍ഹിന്റെ പരാമര്‍ശമുള്ളത്.

”ഭരണനിര്‍വഹണത്തെ ഒരു വിധത്തിലും സഹായിക്കാത്ത, ആലോചനയില്ലാത്ത തീരുമാനമായിരുന്നു അത്. എന്നാല്‍, അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരേ സര്‍ക്കാര്‍ കര്‍ശനനടപടിയെടുക്കുന്നുവെന്ന തോന്നലുണ്ടാക്കി അതൊരു ജനപ്രിയ തീരുമാനമാക്കാന്‍ ഒരു പരിധിവരെ സര്‍ക്കാരിന് കഴിഞ്ഞു. 2017-ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഇത് നേട്ടമുണ്ടാക്കി. എന്നാല്‍, നോട്ടുനിരോധനത്തിന്റെ ലക്ഷ്യം അടിക്കടി മാറുന്നത് വ്യക്തമാക്കുന്നത് നോട്ട് അസാധുവാക്കലിന്റെ ഫലം വട്ടപ്പൂജ്യമാണെന്നാണ്”-യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു.

ജി.ഡി.പി. വളര്‍ച്ചയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും ആര്‍.ബി.ഐ.യുടെ നിലനില്പ് ഭീഷണിയിലാണെന്നും സിന്‍ഹ ആരോപിക്കുന്നു. കുറച്ചുവര്‍ഷങ്ങളായി മോദി സര്‍ക്കാരിന്റെ നയങ്ങളുടെ വിമര്‍ശകനായിരുന്ന സിന്‍ഹ ഏപ്രിലിലാണ് ബി.ജെ.പി. വിട്ടത്.

മുന്‍സര്‍ക്കാരിന്റെ പദ്ധതികള്‍ മോദി സര്‍ക്കാര്‍ കോപ്പിയടിച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തെ അദ്ദേഹം പുസ്തകത്തില്‍ ശരിവെക്കുന്നു. 2004-ല്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ മാനുഫാക്ചറിങ് കോംപറ്റിറ്റീവ്‌നെസ് കൗണ്‍സിലിന്റെ അതേ ആശയമാണ് മേയ്ക്ക് ഇന്‍ ഇന്ത്യയെന്ന് അദ്ദേഹം പറയുന്നു. തൊഴിലില്ലായ്മയെന്ന ഗൗരവമായ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ തെറ്റിക്കാനാണ് സ്വയംതൊഴിലെന്ന ആശയം മോദി അവതരിപ്പിച്ചത്.

തനിക്ക് മോദിയോട് വ്യക്തിപരമായി ശത്രുതയില്ലെന്നും മന്ത്രിയാക്കാത്തതില്‍ വിരോധമില്ലെന്നും വ്യക്തമാക്കിയ സിന്‍ഹ, അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കണമെന്ന് ആദ്യം അഭിപ്രായപ്പെട്ട നേതാക്കളിലൊരാളാണ് താനെന്നും അവകാശപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular