ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9851 കോവിഡ്–19 കേസുകളും 273 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 2,26,770 ആയി ഉയര്‍ന്നു. ഇതുവരെ 1,09,462 പേര്‍ സുഖം പ്രാപിച്ചു. 6348 പേര്‍ മരിച്ചു. 1,10,960 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,09,462 പേര്‍ രോഗമുക്തരായി. രാജ്യത്തെ കോവിഡ് മുക്തരുടെ നിരക്ക് 48.27% ആണ്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ യുഎസ്, ബ്രസീല്‍, റഷ്യ, യുകെ, സ്‌പെയ്ന്‍, ഇറ്റലി എന്നിവയ്ക്ക് ശേഷം ഇന്ത്യ ഏഴാം സ്ഥാനത്തെത്തി.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും, മരണവും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 77,793 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2710 ആയി. 27,256 രോഗികളുള്ള തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് ഇതുവരെ 220 പേര്‍ രോഗം ബാധിച്ചു മരിച്ചു. മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 25,004 കേസുകളും 650 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള ഗുജറാത്തില്‍ കേസുകളുടെ എണ്ണം 18,584 ആയി ഉയര്‍ന്നു. അതേസമയം, മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തിലാണ്. 1155 പേരാണ് ഇതുവരെ മരിച്ചത്.
follow us – pathram online