മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യന്‍ പുരുഷ ടീം മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവുമായ ഗാരി കിര്‍സ്റ്റന്‍, ഹെര്‍ഷെല്‍ ഗിബ്‌സ് എന്നിവര്‍ക്കൊപ്പം നിലവിലെ പരിശീലകനായിരുന്ന രമേഷ് പവാറും ചുരുക്കപ്പട്ടികയില്‍ ഇടം നേടി.പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച 28 പേരില്‍ നിന്നാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ വെങ്കിടേഷ് പ്രസാദ്, മനോജ് പ്രഭാകര്‍, ഡബ്ലിയുവി രാമന്‍ എന്നിവരൊന്നും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയില്ല എന്നതും ശ്രദ്ധേയമായി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും പരിശീലകനെ തെരഞ്ഞെടുക്കുക.
ഗാരി കിര്‍സ്റ്റനെ പരിശീലകനാക്കുകയാണെങ്കില്‍ ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്‌സ് പരിശീലക സ്ഥാനത്ത് അദ്ദേഹം തുടരുമോ എന്നതും കൗതുകമുണര്‍ത്തുന്ന കാര്യമാണ്. ട്വന്റി20 ലോകകപ്പിനിടെ വനിതാ ടീമിലെ സീനിയര്‍ താരം മിതാലി രാജും പരിശീലകന്‍ രമേഷ് പവാറും തമ്മിലുള്ള ശീതസമരം വിവാദമായിരുന്നു. ഇരുവരും പരസ്പരം ആരോപണങ്ങളുമായി രംഗത്തുവരികയും ചെയ്തു.