തിരുവനന്തപുരം: വനിതാമതിലിന്റെ കാര്യമുള്‍പ്പെടെ ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പുറത്തു വരുന്നത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വനിതാ മതിലിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരെയും അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയാറല്ല. അതിന് അവര്‍ അനുഭവിക്കും. സര്‍ക്കാരില്‍ നിന്ന് എന്‍എസ്എസ് ഇതുവരെ ഒന്നും നേടിയിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതിന്റെ തുടര്‍ച്ചയാണ് അവര്‍ ചെയ്യുന്നത്. സമദൂരനിലപാടില്‍ നിന്നു എന്‍എസ്എസ് മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കും. ശബരിമലയില്‍ യുവതീപ്രവേശനത്തിനുള്ള തന്ത്രമാണ് വനിതാ മതില്‍. ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടു. അപ്പോഴാണ് ‘നവോത്ഥാനം’ എന്ന ഓമനപ്പേരില്‍ പുതിയ പരിപാടിയുമായി വരുന്നത്. വനിതാ മതിലുമായി സഹകരിച്ചാല്‍ ആര്‍.ബാലകൃഷ്ണപിള്ളയെ എന്‍എസ്എസ് സഹകരിപ്പിക്കില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
വനിതാമതില്‍ ജനങ്ങളെ ജാതീയമായി വേര്‍തിരിക്കും. വനിതകള്‍ക്ക് മാത്രമായി നവോത്ഥാനം നടപ്പാകുമോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. വനിതാ മതിലിന് എതിരാണ് സംഘടനയെങ്കിലും അതില്‍ പങ്കെടുക്കരുതെന്ന് ആര്‍ക്കും എന്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെന്ന നിലയിലല്ല പിണറായി വിജയന്‍ ജനത്തെ കൈകാര്യം ചെയ്യുന്നത്. വനിതാ മതിലില്‍ പങ്കെടുക്കണണോയെന്നത് വിശ്വാസികളുടെ തീരുമാനമാണ്.
വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാം. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ എന്‍എസ്എസ് അതിന് ആഹ്വാനം ചെയ്യില്ല. ആരുടെയും ചട്ടുകമാകാന്‍ ആഗ്രഹിക്കുന്നില്ല. വിശ്വാസികള്‍ക്ക് ആ കാര്യത്തില്‍ തീരുമാനമെടുക്കാം. വിധിയില്‍ സുപ്രീംകോടതി ഉറച്ചുനിന്നാല്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ജി.സുകുമാരന്‍നായര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ശബരിമലവിഷയത്തില്‍ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത് എന്‍എസ്എസ് ആയിരുന്നു. ആചാരസംരക്ഷണമാണ് ലക്ഷ്യം. അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സര്‍ക്കാരുമായി സംഘടനയ്ക്ക് അഭിപ്രായ ഭിന്നതയുള്ളത് ശബരിമല വിഷയത്തില്‍ മാത്രമാണ്. അത് ശക്തമായ ഭിന്നതയാണെന്നും മറ്റൊരു വിഷയത്തിലും അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ സന്ദര്‍ഭോചിതമായി നിലപാട് എടുക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.