ലൂസിഫറിന്റെ ടീസര്‍ എന്തുകൊണ്ട് നാളെ.? ഡിസംബര്‍ 13ന്റെ പ്രത്യേകത

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസര്‍ നാളെ (ഡിസംബര്‍ 13) പുറത്തിറങ്ങുകയാണ്. ഒരു ടീസര്‍ പുറത്തിറക്കുന്ന തീയതിയില്‍ വലിയ കാര്യമൊന്നും ഇല്ലെങ്കിലും എന്തു കൊണ്ടാവാം അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ ടീസര്‍ ഇപ്പോഴെ പുറത്തിറക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചോ ? നാളെ അതായത് ഡിസംബര്‍ 13 എന്ന തീയതിയുടെ പ്രത്യേകത തന്നെയാണ് അണിയറക്കാരെക്കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചതെന്നു വേണം കരുതാന്‍.

13/12/2018 എന്ന തീയതിയില്‍ പ്രഥമ ദൃഷ്ട്യാ നോക്കിയാല്‍ 13–നു മാത്രമാണ് ഒരു ‘കുഴപ്പം’ കണ്ടു പിടിക്കാനാകുക. കാരണം 13 എന്നത് പണ്ടു മുതലേ ഒരു മോശം സംഖ്യ ആയിട്ടാണല്ലോ കരുതപ്പെടുന്നത്. അപ്പൊ പിന്നെ 13–ാം തീയതി ടീസര്‍ ഇറക്കി ഹീറോയിസം കാണിക്കാനാണോ ഇങ്ങനൊരു തീരുമാനം എന്ന ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍ 13–ന്റെ മാത്രം പ്രത്യേകതയല്ല ഇതിനു പിന്നിലെന്നു വേണം കരുതാന്‍. 13/12/2018 എന്ന തീയതിയിലെ 13–ഉം 18–ഉം മാത്രമെടുക്കുക. ലൂസിഫര്‍ എന്ന പേര് പരാമര്‍ശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ വെളിപാട് എന്ന ഭാഗത്തിന്റെ 13-ാം അധ്യായത്തിലെ 18-–ാം വാക്യം ഇങ്ങനെയാണ്.’ഉള്‍ക്കാഴ്ചയുള്ളവന്‍ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. 666 ആണ് അതിന്റെ സംഖ്യ. ജ്ഞാനമുള്ളവര്‍ക്കു മാത്രമേ അതു മനസ്സിലാകൂ.’
ഈ വാക്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന 666 എന്ന സംഖ്യ പൊതുവെ സാത്താന്റെ അല്ലെങ്കില്‍ ചെകുത്താന്റെ സംഖ്യയായാണ് കരുതപ്പെടുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്ന കറുത്ത നിറമുള്ള അംബാസിഡര്‍ കാറിന്റെ നമ്പര്‍ KLT 666 ആണ്. ടീസര്‍ റിലീസ് അറിയിച്ച പോസ്റ്ററിലും ഈ കാറാണ് പ്രധാന ചിത്രമായി കൊടുത്തിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഈ നമ്പറും അതിന്റെ പ്രത്യേകതയും ബൈബിളിലെ വാക്യവും ഒക്കെ പരസ്പരപൂരകമായി ബന്ധപ്പെട്ടു കിടക്കുന്നു. അപ്പോഴും ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടാണ് ഡിസംബര്‍ 13–ന് തന്നെ ടീസര്‍ പുറത്തിറക്കാന്‍ അണിയറക്കാര്‍ തീരുമാനിച്ചത് എന്നല്ല പറഞ്ഞു വരുന്നത്. പക്ഷേ ഇത്തരത്തില്‍ ഒരു സാധ്യതയും അവര്‍ ചിന്തിച്ചിരിക്കാം. സിനിമക്കാര്‍ക്ക് പൊതുവെ അന്ധവിശ്വാസം കുറച്ചു കൂടുതലാണെന്ന ആക്ഷേപം പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ളതാണ്. അങ്ങനെയൊരു വിശ്വാസം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതിനെ കീഴ്‌മേല്‍ മറിക്കുന്ന തീരുമാനമാണ് ലൂസിഫറിന്റെ അണിയറക്കാര്‍ എടുത്തിരിക്കുന്നത്. ഇനിയിപ്പൊ തീയതിയും സമയവും എന്തായാലും, ടീസര്‍ നന്നാവട്ടെ. ഒപ്പം സിനിമയും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7