തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷം. സംസ്ഥാനത്ത് വിദേശ നിര്‍മിത വിദേശമദ്യ വില്‍പനയ്ക്ക് അനുമതി ബന്ധപ്പെട്ടാണ് പുതിയ ആരോപണം. കഴിഞ്ഞ ബജറ്റിലെ നിര്‍ദേശമനുസരിച്ച് വിദേശനിര്‍മിത വിദേശമദ്യം ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളിലൂടെ വില്‍ക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ബാറുകള്‍ക്കും വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാമെന്ന ഉത്തരവ് എക്സൈസ് വകുപ്പ് പുറത്തിറക്കി. ബാറുടമകളുടെ അപേക്ഷ പരിഗണിച്ചായിരുന്നു ഈ നടപടി. എന്നാല്‍ ഈ ഉത്തരവില്‍ ബാറുകള്‍ക്കു പുറമേ ബിയര്‍, വൈന്‍ പാര്‍ലറുകള്‍, എയര്‍പോര്‍ട്ട് ലോഞ്ചുകളിലെ മദ്യശാലകള്‍, ക്ലബ്ബുകള്‍ തുടങ്ങി വിവിധതലങ്ങളിലുള്ള ലൈസന്‍സികള്‍ക്കു കൂടി വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാന്‍ അനുമതി നല്‍കി. ഇതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നേരത്തെ ബ്രൂവറി- ഡിസ്റ്റിലറി അനുമതിയില്‍ പ്രതിപക്ഷം അഴിമതി ആരോപണമുന്നയിക്കുകയും അതില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാന്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതാണ് തര്‍ക്ക വിഷയമെങ്കിലും അതില്‍ തെറ്റായ നടപടി ക്രമമുണ്ടായിട്ടില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം