തിരൂര്‍: ടിക് ടോക്ക് ചലഞ്ച് മലപ്പുറത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോക്കിലെ ‘നില്ല് നില്ല്’ ചലഞ്ച് മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത്തില്‍ സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു.
ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി, മരച്ചില്ലകളും കൈയിലേന്തി, ജാസി ഗിഫ്റ്റ് പാടിയ ‘നില് നില്ല നീലക്കുയിലേ…’ എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് ടിക് ടോക്കിലെ നില്ല് നില്ല് ചലഞ്ച്. വെള്ളിയാഴ്ച നഗരത്തില്‍ ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി നൃത്തം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. ഗതാഗതക്കുരുക്ക് വന്‍ ജനരോഷത്തിന് കാരണമായതോടെ തുടങ്ങിയ സംഘര്‍ഷാവസ്ഥ അന്ന് മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു.
എന്നാല്‍ തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് സ്ഥലത്തെത്തി നാട്ടുകാരെ മര്‍ദിക്കുകയായിരുന്നു. കല്ലേറില്‍ തൊട്ടടുത്ത കടയില്‍ ജോലി ചെയ്യുകയായിരുന്ന സുജാതയുടെ തലക്ക് പരിക്കേറ്റു. കടയിലെ ഗ്ലാസ് പൊട്ടി തലയില്‍ വീണാണ് പരിക്കേറ്റത്.സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.
യുവാക്കള്‍ക്കിടയില്‍ പുതിയ തരംഗം സൃഷ്ടിച്ച ടിക് ടോക്കിലെ ‘ചലഞ്ചുകള്‍ ഇതിനകം തന്നെ വിവാദമുണ്ടാക്കിയിട്ടുണ്ട്. മരച്ചില്ലകളുമായി ഓടുന്ന തീവണ്ടിക്കു മുമ്പിലും പോലീസ് വാഹനങ്ങള്‍ക്കുമുന്നിലും ബസുകള്‍ക്കുമുന്നിലുമൊക്കെ ചാടി വീഴുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.