മുംബൈ: മൈതാനത്ത് ചിരി അടക്കാനാവാതെ കോഹ് ലി. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തില്‍ ബോളിങ്ങിലും ഒരു കൈ നോക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെയായിരുന്നു സന്നാഹ മത്സരം. മൂന്നാം ദിനത്തില്‍ ബോളറുടെ വേഷമണിഞ്ഞ കോഹ്ലി രണ്ടു ഓവറുകളാണ് എറിഞ്ഞത്. ആറ് റണ്‍സുമാത്രമേ വിട്ടു കൊടുത്തതുമുള്ളൂ. ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ഹാരി നെയില്‍സനിന്റെ വിക്കറ്റാണ് കോഹ്ലി വീഴ്ത്തിയത്. ഉമേഷ് യാദവിന്റെ ക്യാച്ചിലൂടെയാണ് ഹാരി പുറത്തായത്. വിക്കറ്റ് വീണപ്പോള്‍ കോഹ്ലിക്ക് അത് വിശ്വസിക്കാനായില്ല. വാ പൊത്തി കോഹ്ലി കുറേ നേരം ചിരിച്ചു. അതിനുശേഷം വിക്കറ്റ് ആഘോഷിച്ചു.
രാജ്യാന്തര ഏകദിനത്തില്‍ കോഹ്ലിയുടെ പേരില്‍ എട്ടു വിക്കറ്റുകളാണുളളത്. 2016 ല്‍ വിന്‍ഡീസിനെതിരായ ടി ട്വന്റി മത്സരത്തിലായിരുന്നു കോഹ്ലിയുടെ അവസാന വിക്കറ്റ് നേട്ടം.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബര്‍ 6ന് ഓവലില്‍ നടക്കും. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 14ന് പെര്‍ത്തിലാണ്. ഡിസംബര്‍ 26ന് മെല്‍ബണില്‍ മൂന്നാം ടെസ്റ്റും, പുതുവര്‍ഷത്തില്‍ ജനുവരി മൂന്നിന് ഡിഡ്നിയില്‍ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കും.