കണ്ണൂര്‍: കീഴാറ്റൂര്‍ ദേശീയ പാത വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പിനായിരുന്നു ബി ജെ പിയുടെ ശ്രമമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ചതിന് ബി ജെ പി മാപ്പുപറയണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബൈപ്പാസിനു വേണ്ടി കീഴാറ്റൂരിലെ വയലുകള്‍ മുഴുവനും നികത്താന്‍ പോവുകയാണെന്ന് എന്ന തരത്തിലുള്ള ഭീതി ബി ജെ പി സൃഷ്ടിച്ചുവെന്നും ജയരാജന്‍ ആരോപിച്ചു. ദേശീയപാതയുടെ ബൈപാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ കടന്നുപോകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയായിരുന്നു ജയരാജന്റെ പ്രതികരണം.
കീഴാറ്റൂരില്‍ സി പി എമ്മിനെ ഒതുക്കാമെന്ന ധാരണയില്‍ വിരുദ്ധശക്തികള്‍ ഒത്തുചേരുകയായിരുന്നു. കീഴാറ്റൂരില്‍ ബി ജെ പിയുടെ ദേശീയനിര്‍വാഹക സമിതിയംഗം നടത്തിയ കര്‍ഷകരക്ഷാ മാര്‍ച്ചെന്ന നാടകം എല്ലാവരും കണ്ടതാണെന്നും ജയരാജന്‍ പറഞ്ഞു. ഇരട്ടത്താപ്പാണ് ബി ജെ പി കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റുതിരുത്തി തിരിച്ചുവന്നാല്‍ കീഴാറ്റൂര്‍ സമരക്കാരെ സി പി എം സ്വീകരിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി