ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ആദ്യ 20 ട്വന്റിയില്‍ മഴ നിയമം മൂലം ഇന്ത്യ നാല് റണ്‍സിന് തോറ്റിരുന്നു. ഇന്നലെ നടന്ന കളിയില്‍ ഇന്ത്യ തോറ്റെങ്കിലും അതിലും നര്‍മ്മം കണ്ടെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. ഓസ്‌ട്രേലിയയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടും ഇന്ത്യ തോറ്റു എന്നതാണ് വീരുവിനെ രസിപ്പിച്ചത്. ഓസ്ട്രേലിയയേക്കാള്‍ 11 റണ്‍സ് കൂടുതല്‍ ഇന്ത്യ നേടിയിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു സെവാഗിന്റെ പ്രതികരണം.
‘ഓസ്ട്രേലിയയുടെ സ്‌കോറിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടും ഇന്ത്യ തോറ്റിരിക്കുന്നു. ഓസ്ട്രേലിയയുടെ റണ്‍സിനൊപ്പം ചേര്‍ത്ത ജി.എസ്.ടിയാണ് ഇന്ത്യക്ക് പണിതന്നത്. എന്നിരുന്നാലും ഒരു പരമ്പരക്ക് തുടക്കമിടാന്‍ പറ്റിയ ആവേശപ്പോരാട്ടമായിരുന്നു’ സെവാഗ് ട്വീറ്റ് ചെയ്തു
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 17 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 158 റണ്‍സാണ്. എന്നാല്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 17 ഓവറില്‍ 174 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. പക്ഷേ ഇന്ത്യക്ക് 17 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
മഴ തടസ്സപ്പെടുത്തിയ കളിയില്‍ അവസാന ഓവര്‍ വരെ പൊരുതി പരാജയം സമ്മതിച്ചെങ്കിലും ഇന്ത്യയുടെ പോരാട്ടവീര്യത്തെ മിക്ക ആരാധകരും പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.