പമ്പ: ശബരിമലയിലെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് നേരേ എസ്.പി. യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. വളരെ സൗമ്യമായി പെരുമാറിയ മന്ത്രിയോട് എസ്.പി മോശമായാണ് പെരുമാറിയതെന്നും, എസ്.പിക്ക് പിണറായി വിജയന്റെ പ്രേതം പിടികൂടിയിട്ടുണ്ടോ എന്നും എ.എന്‍. രാധാകൃഷ്ണന്‍ ചോദിച്ചു. എസ്പിയ്‌ക്കെതിരെ നടപടി വേണമെന്ന് ബിജെപി
ബി.ജെ.പിക്കാരോട് മാത്രം പോലീസ് തെമ്മാടിത്തരം കാണിച്ചാല്‍ അംഗീകരിക്കാനാകില്ലെന്നും, എസ്.പിയുടെ ഇടപെടലുകള്‍ ശരിയായില്ലെന്നും എസ്.പിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കാലുതിരുമ്മി നടന്നയാള്‍ക്ക് കേന്ദ്രമന്ത്രി കറുത്തവനായതിനാല്‍ പരമമായ പുച്ഛമാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ നിലയ്ക്കലില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ബി.ജെ.പി നേതാക്കളും എസ്.പിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തന്നോടൊപ്പം വന്ന എല്ലാ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആവശ്യം. എന്നാല്‍ മന്ത്രിയുടെ വാഹനം കടത്തിവിടാമെന്നും മറ്റുവാഹനങ്ങള്‍ കടത്തിവിടില്ലെന്നും എസ്.പി വ്യക്തമാക്കി.
ഇതോടെയാണ് എസ്.പിയും ബി.ജെ.പി നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് പമ്പയിലേക്ക് പോകുന്നുണ്ടല്ലോ എന്ന് മന്ത്രി ചോദിച്ചപ്പോള്‍ ബസുകള്‍ അവിടെ പാര്‍ക്ക് ചെയ്യുന്നില്ലെന്നായിരുന്നു എസ്.പിയുടെ മറുപടി. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും, മന്ത്രി ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും എസ്.പി പറഞ്ഞു. എന്നാല്‍ അത്തരം ഉത്തരവിടാന്‍ തനിക്ക് അധികാരമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതോടെ വീണ്ടും ബി.ജെ.പി നേതാക്കള്‍ ബഹളമുണ്ടാക്കുകയും എസ്.പിയോട് തട്ടിക്കയറുകയും ചെയ്തു. പിന്നീട് മന്ത്രിയും സംഘവും കെ.എസ്.ആര്‍.ടി.സി ബസിലാണ് പമ്പയിലേക്ക് യാത്രതിരിച്ചത്.