മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നോട് ഇത്രയേറെ ‘നോ’ പറഞ്ഞ മറ്റൊരാളില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി. രവി ശാസ്ത്രി എല്ലാറ്റിനും ‘യെസ്’ പറയുന്ന പരിശീലകനൊന്നുമല്ല. എന്നോട് ഇത്രയേറെ ‘നോ’ പറഞ്ഞ മറ്റൊരാളില്ല. എല്ലാം നല്ലതിനായിരിക്കുമെന്നു മാത്രം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഞാന്‍ എന്നും കേട്ടിട്ടുണ്ട്. അതിനനുസരിച്ച് മാറിയിട്ടുമുണ്ട്’ പറയുന്നത് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.
കോഹ്‌ലി പറയുന്ന എല്ലാം ശരിവയ്ക്കുന്ന പരിശീലകനാണോ രവി ശാസ്ത്രി’ എന്നതായിരുന്നു ചോദ്യം. താന്‍ ജീവിതത്തില്‍ കേട്ടിട്ടുള്ള ഏറ്റവും വിചിത്രമായ ചോദ്യമാണ് ഇതെന്നായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.
‘എപ്പോഴും എല്ലാറ്റിനോടും ‘യെസ്’ പറയുന്ന ഒരാളോ? ഇതാണ് ഞാന്‍ ജീവിതത്തില്‍ കേട്ടിട്ടുള്ള ഏറ്റവും വിചിത്രമായ കാര്യം’ കോഹ്‌ലി പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നോട് ഇത്രയേറെ ‘നോ’ പറഞ്ഞ മറ്റൊരാളുണ്ടോ എന്നു സംശയമാണ്. സത്യസന്ധമായി പറഞ്ഞാല്‍, എന്തു കാര്യത്തെക്കുറിച്ചും വസ്തുനിഷ്ഠമായ അഭിപ്രായം ചോദിക്കാന്‍ എനിക്കു സ്വാതന്ത്രമുള്ള വ്യക്തിയാണ് അദ്ദേഹം. ചോദിക്കുന്ന ഒരു കാര്യം ആവശ്യമുള്ളതല്ലെങ്കില്‍, വേണ്ട എന്നുതന്നെ അദ്ദേഹം വ്യക്തമായി പറയാറുണ്ട്. എന്റെ കളിയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതും മറ്റാരേക്കാളും ശാസ്ത്രിയെന്ന പരിശീലകന്‍ പറയുന്നതു കേട്ടിട്ടാണ്’ കോഹ്‌ലി പറഞ്ഞു.’ഇന്ത്യന്‍ ടീമിനുള്ളില്‍ സംഭവിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. പുറത്തു പ്രചരിക്കുന്നതു പലതുമായിരിക്കും. എങ്കിലും ‘അതല്ല, ഇതാണ് ഇന്ത്യന്‍ ടീമിനുള്ളില്‍ സംഭവിക്കുന്നത്’ എന്ന് ബാനര്‍ കെട്ടി പ്രഘോഷിക്കാനൊന്നും ഞങ്ങള്‍ക്കു താല്‍പര്യമില്ല. ഞങ്ങളുടെ ഹൃദയം ശുദ്ധവും ഉദ്ദേശം വ്യക്തവുമായിരിക്കുന്നിടത്തോളം കാലം ഇതേ രീതിയില്‍ മുന്നോട്ടുപോകാനാണ് താല്‍പര്യം’ കോഹ്‌ലി പറഞ്ഞു.ഇന്ത്യന്‍ ടീമിനുള്ളില്‍ കോഹ്‌ലി കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങള്‍ക്കും ശാസ്ത്രി ‘യെസ്’ മൂളുകയാണെന്ന പ്രചാരണം ശക്തമാകവെയാണ്, തന്നോട് ഇത്രത്തോളം ‘നോ’ പറഞ്ഞ മറ്റൊരാള്‍ ടീമിലില്ലെന്ന കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍. കോഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയെ മാറ്റിയാണ് ബിസിസിഐ രവി ശാസ്ത്രിയെ പരിശീലകനാക്കിയത്. അതിനുശേഷം ശാസ്ത്രിയും കോഹ്‌ലിയും തമ്മില്‍ വളരെ ഐക്യത്തിലാണ് പ്രവര്‍ത്തനം. ഇത്, കോഹ്‌ലി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും ശാസ്ത്രി ശരിവയ്ക്കുന്നതുകൊണ്ടാണ് എന്ന അഭ്യൂഹം ശക്തമാണ്.
ഇന്ത്യന്‍ ടീമില്‍ ശാസ്ത്രി വരുത്തിയ മാറ്റമെന്താണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി ഇങ്ങനെ:
‘ഈ ടീമില്‍ ശാസ്ത്രി വരുത്തിയ ഏറ്റവും വലിയ മാറ്റം താരങ്ങള്‍ ആത്മവിശ്വാസം പകരുക എന്നതാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാനുള്ള പ്രതിഭ നിങ്ങള്‍ക്കുണ്ടെന്ന് ഓരോ താരത്തെയും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഞാനുള്‍പ്പെടെയുള്ളവര്‍ ഫോം കണ്ടെത്താനാകാതെ ഉഴറിയപ്പോള്‍ തിരിച്ചുവരാനുള്ള ആത്മവിശ്വസാം നല്‍കിയത് ശാസ്ത്രിയാണ്. 2015ലെ ഏകദിന ലോകകപ്പില്‍ പ്രകടനം കൊണ്ട് നിരാശപ്പെടുത്തിയ ധവാന്‍ ഉള്‍പ്പെടെയുള്ളവരെ ഇപ്പോഴത്തെ നിലയിലേക്ക് രൂപപ്പെടുത്തിയെടുത്തതും അദ്ദേഹമാണ്. ഓരോ കളിക്കാരനില്‍നിന്നും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കാര്യത്തില്‍ ശാസ്ത്രിയെ കഴിഞ്ഞേ ആരുമുള്ളൂ’ കോഹ്‌ലി പറഞ്ഞു.
‘ഞങ്ങളൊക്കെ കളിക്കുന്ന തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം താരങ്ങളെ കൈകാര്യം ചെയ്യല്‍ തന്നെയാണ്. ഇപ്പോഴും പലരുടെയും വിചാരം ഞങ്ങളെയൊക്കെ ബാറ്റു പിടിക്കാനും ക്രീസില്‍ നില്‍ക്കുമ്പോള്‍ തല എവിടേക്കു പിടിക്കണമെന്നുമൊക്കെ പറഞ്ഞുതന്ന് പഠിപ്പിക്കണമെന്നാണ്. ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ ആവശ്യത്തിനു പഠിച്ചുകഴിഞ്ഞതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് താരങ്ങളെ വിദഗ്ധമായി കൈകാര്യം ചെയ്യുകയാണ്. ഇക്കാര്യം വര്‍ഷങ്ങളായി ശാസ്ത്രി വളരെ ഭംഗിയായി നിര്‍വഹിച്ചുപോരുന്നതാണ്’ കോഹ്‌ലി വ്യക്തമാക്കി.
‘എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുണ്ട്. അത് പ്രകടിപ്പിക്കാനുള്ള താല്‍പര്യവുമുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവിതം ജീവിക്കാതിരിക്കാനാകുമോ? ഞങ്ങള്‍ക്കു ശരിയെന്നു തോന്നുന്നതു ചെയ്യാതിരിക്കാനാകുമോ? കൃത്രിമമായതൊന്നു ഞങ്ങള്‍ ചെയ്യുന്നില്ല. ചിലരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പെരുമാറുന്നില്ല എന്നതുകൊണ്ട് ഈ സിസ്റ്റം തന്നെ ശരിയല്ലെന്നു പറയാനാകുമോ?’ കോഹ്‌ലി ചോദിച്ചു.
ആരെയും വിധിക്കാന്‍ ഞങ്ങള്‍ ആളല്ല. ടീമെന്ന നിലയില്‍ ഒരുമിച്ചു പോരാടുക മാത്രമാണ് ലക്ഷ്യം. ഞങ്ങളെല്ലാം ഒരിക്കല്‍ സജീവ ക്രിക്കറ്റില്‍നിന്നും മടങ്ങേണ്ടവരാണ്. ഞാനും ഒരിക്കല്‍ വിരമിക്കും. ഞങ്ങളൊക്കെ പോയാലും ക്രിക്കറ്റ് നിലനില്‍ക്കും. ഇന്ത്യന്‍ ടീമും നിലനില്‍ക്കും. ഞങ്ങളെല്ലാം ഈ കളിയിലേക്ക് സ്വന്തമായ സംഭാവനകള്‍ നല്‍കുന്നവരാണ്. അല്ലാതെ ഈ കളിയെ അടക്കിഭരിച്ച് മറ്റു നേട്ടങ്ങളുണ്ടാക്കാമെന്ന വിചാരമൊന്നുമില്ല’ കോഹ്ലി പറഞ്ഞു.
ഞങ്ങള്‍ക്കെല്ലാം ഓരോ ഉത്തരവാദിത്തമുണ്ട്. അത് ഏറ്റവും സുന്ദരമായി ചെയ്തുതീര്‍ക്കാനാണ് ശ്രമം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ച മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ആര്‍ക്കെങ്കിലും മറിച്ചൊരു അഭിപ്രായമുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാഴ്ചപ്പാട് മാത്രമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ശരിയെന്നു തോന്നുന്നതു മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ടീമെന്ന നിലയില്‍ ഒരുമിച്ചാണ് മുന്നോട്ടു പോകുന്നതും’ കോഹ്‌ലി പറഞ്ഞു.