പമ്പ: ശബരിമല ദര്‍ശനം കൂടുതല്‍ പ്രതിസന്ധിയാകുമെന്ന് സൂചന. മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. ഹരിവരാസനം ചൊല്ലി
നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. നിലയ്ക്കലില്‍ നടന്ന പോലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ അനുമതി. ശബരിമലയിലെ ഏത് സാഹചര്യവും നേരിടാന്‍ പോലീസ് എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞുവെന്നും ഡിജിപി പറഞ്ഞു. തൃപ്തി ദേശായി മെയില്‍ അയച്ചിരുന്നു. എന്നാല്‍, അവരുടെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല.
700 ഓളം സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശബരിമലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഡിജിപി പറഞ്ഞു.
അതേസമയം കടുത്ത നിയന്ത്രണത്തിലും സുരക്ഷാവലയത്തിലും മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തീര്‍ഥാടകരെ രാത്രിയില്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന തീരുമാനം വന്നതോടെ ഇക്കുറി ശബരിമലയിലെ വഴിപാടുകള്‍ പലതും മുടങ്ങും. പ്രധാന വഴിപാടായ നെയ്യഭിഷേകവും തടസപ്പെടും. കൂടുതല്‍ ഭക്തരും രാത്രി സന്നിധാനത്ത് തങ്ങി പുലര്‍ച്ചെ നട തുറക്കുമ്പോഴാണ് നെയ്യഭിഷേകം നടത്താറുള്ളത്. രാത്രി തങ്ങാന്‍ അനുവദിക്കാത്തതിനാല്‍ വന്‍ തിരക്കാവും നെയ്യഭിഷേകത്തിന് ഉണ്ടാവുക. ശബരിമല മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും ഇന്നാണ്.
അതേസമയം ശബരിമലയില്‍ മാധ്യമങ്ങള്‍ക്കും പോലീസിന്റെ കര്‍ശന നിയന്ത്രണം. മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ത്രിവേണി പാലം കടക്കാന്‍ അനുവദിക്കുന്നില്ല. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വെള്ളിയാഴ്ച വൈകീട്ട് നടതുറക്കാനിരിക്കെ മുന്നൊരുക്കങ്ങളൊന്നും നടത്താന്‍ പോലീസിന്റെ നിയന്ത്രണം കാരണം മാധ്യമങ്ങള്‍ക്ക് കഴിയാത്ത സ്ഥിതിയാണ് രാത്രി വൈകിയും.
തത്സമയ സംപ്രേഷണത്തിനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി.