കാക്കൂർ: യുട്യൂബർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിന്റെ വീട്ടുകാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കാസർകോട്ടുള്ള വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. സുഹൃത്തുക്കളുടെയും മൊഴിയെടുത്തു.
റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരേ റിഫയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. മെഹ്നാസിനെതിരേ നിലവിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരേയും ചോദ്യംചെയ്തിട്ടില്ല. പോലീസിനുമുമ്പിൽ ഹാജരാകാൻ മെഹ്നാസിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരുടെ സുഹൃത്തിനെ നേരത്തെ രണ്ടുതവണ ചോദ്യംചെയ്തിരുന്നു. അതേസമയം റിഫ മരിച്ചയുടൻതന്നെ മെഹ്നാസ് ലൈവ് വീഡിയോചെയ്തത് ദൂരൂഹത വർധിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ പി. റെഫ്താസ് പറഞ്ഞു.
കുടുംബത്തിന്റെ പരാതിയെത്തുടർന്ന് കഴിഞ്ഞദിവസമാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. ഇതിന്റെ കൂടുതൽ വിശദമായ റിപ്പോർട്ട് പുറത്തു വരാനുണ്ട്. തുടരന്വേഷണത്തിൽ ഇത് നിർണായകമാകുമെന്നാണ് കരുതുന്നത്. റിഫയുടെ മരണത്തിൽ ദേശീയ വനിതാ കമ്മിഷന് നുസ്രത്ത് ജഹാൻ നൽകിയ പരാതിയിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കമ്മിഷന് കീഴിലുള്ള എൻ.ആർ.ഐ. സെല്ലാണ് വിവരങ്ങൾ ശേഖരിച്ചുവരുന്നത്.