ന്യൂഡല്‍ഹി: ആര്‍ത്തവം അശുദ്ധിയാണോയെന്ന് തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് തടസമാകും വിധമുള്ള അശുദ്ധി ആര്‍ത്തവ കാലത്തുണ്ടാകുമോ എന്നത് സ്ത്രീയുടെ വ്യക്തിപരമായ തീരുമാനമായിരിക്കണമെന്നും വൃന്ദ കാരാട്ട്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി കേരളഹൗസില്‍ പിആര്‍ഡി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വിശ്വാസത്തിന്റെ ഭാഗമായി ആര്‍ത്തവം അശുദ്ധിയുണ്ടാക്കുമെന്ന് കരുതുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. അവര്‍ക്ക് അങ്ങനെ ചിന്തിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാം. എന്നാല്‍ മറിച്ച് ചിന്തിക്കുന്നവരെ അശുദ്ധി ആരോപിച്ച് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് പുരോഗതിയിലേക്ക് പോകുന്ന ഒരു സമൂഹത്തിന് ചേര്‍ന്നതല്ല. ആര്‍ത്തവം ഉണ്ടാകുന്ന പ്രായ പരിധിയിലുള്ള സ്ത്രീകളെ ആര്‍ത്തവം ഉണ്ടാകാനുള്ള സാധ്യതയുള്ളതു കൊണ്ട് അതില്ലാത്ത സമയത്തടക്കം വിലക്കുന്നത് തീര്‍ത്തും യുക്തിരഹിതമാണ്. ശബരിമല വിഷയത്തില്‍ ഭരണഘടനയെ മുന്‍നിര്‍ത്തി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഏറെ അര്‍ഥവത്താണ്
മുലക്കരം ചോദിച്ചെത്തിയവര്‍ക്ക് മുന്നില്‍ സ്വന്തം മുല മുറിച്ചെറിഞ്ഞ നങ്ങേലിയെപ്പോലുള്ളവര്‍ കേരളത്തിന്റെ സമര ചരിത്രത്തിന്റെ ഭാഗമായുണ്ടെന്ന് നാം ഓര്‍ക്കണം. അനീതികള്‍ക്കെതിരെ പൊരുതുമ്പോള്‍ ആ പാരമ്പര്യമാണ് നമ്മള്‍ മുറുകെപ്പിടിക്കേണ്ടത്. കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരം ഉള്‍പ്പെടെയുള്ളവ രാജ്യത്തിനാകമാനം മാതൃകയാണ്. ജാതീയവും ലിംഗപരവുമായ അസമത്വം മറന്ന് മനുഷ്യരെ മനുഷ്യരായി കാണാന്‍ പ്രേരിപ്പിച്ചതാണ് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സാര്‍വകാലിക പ്രസക്തിയെന്നും വൃന്ദ പറഞ്ഞു.