മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് പുറത്താക്കിയത് നായകന്‍ വിരാട് കോഹ്ലിയുടേയും, രോഹിത് ശര്‍മ്മയുടേയും അനുമതിയോടെയാണെന്ന് പേരുവെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍. ടൈംസ് നൗവിനോട് സംസാരിക്കവെയാണ് ബിസിസിഐ ഉന്നതന്റെ ഈ വെളിപ്പെടുത്തല്‍.
ധോണി അടുത്ത ലോക ടി20യില്‍ കളിക്കാനുണ്ടാകില്ലെന്നും അത് കൊണ്ട് തന്നെ ധോണിയെ ടി20 ടീമില്‍ നില നിര്‍ത്തുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. ധോണിയെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ടീം മാനേജ്‌മെന്റിനും, സെലക്ടര്‍മാര്‍ക്കും തുല്യ പങ്കാണുള്ളതെന്നും. ധോണിയെ ഒഴിവാക്കാനുള്ള തീരുമാനമെടുത്ത സെലക്ഷന്‍ കമ്മറ്റി മീറ്റിംഗില്‍ കോഹ്ലിയും, രോഹിത് ശര്‍മ്മയും പങ്കെടുത്തിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് സീനിയര്‍ താരങ്ങളായ കോഹ്ലിയുടേയും, രോഹിത് ശര്‍മ്മയുടേയും അനുമതിയോടെയാണെന്നും അദ്ദേഹം പറയുന്നു.
അതേ സമയം ധോണിയെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്തിന് വന്‍ ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ച ധോണി, 93 ടി20 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 37.17 ബാറ്റിംഗ് ശരാശരിയില്‍ 1487 റണ്‍സാണ് അന്താരാഷ്ട്ര ടി20 യില്‍ ധോണിയുടെ സമ്പാദ്യം.
വിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരെയുള്ള ട്വന്റി20 പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്നും എംഎസ് ധോണിയെ പുറത്താക്കിയത് ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. യുവതാരം ഋഷഭ് പന്തിന് അവസരങ്ങള്‍ നല്‍കുകയാണ് തീരുമാനത്തിന് പിന്നിലെന്നാണ് മുഖ്യ പരിശീലകന്‍ എംഎസ്‌കെ പ്രസാദിന്റെ പ്രതികരണം.
ഇതിനിടെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ പ്രതികരണവും ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യയുടെ ജഴ്‌സിയില്‍ ഇനിയൊരു ട്വന്റി20 മത്സരത്തിന് ധോണിയുണ്ടാകില്ലെന്നാണ് ആകാശ് ചോപ്രയുടെ ട്വീറ്റ്. ‘ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 ടീമും പ്രഖ്യാപിച്ചു. 17 അംഗ ടീമിലും ധോണി ഇല്ലെന്നതാണ് വലിയ വാര്‍ത്ത. ധോണിയെ ഇനിയൊരു ട്വന്റി20 ടീമില്‍ ഇന്ത്യയുടെ കുപ്പായത്തില്‍ കാണാന്‍ സാധിച്ചെന്ന് വരില്ല’ എന്നായിരുന്നു ആകാശിന്റെ ട്വീറ്റ്.
താരത്തിന്റെ പ്രായവും ഫോമില്ലായ്മയുമെല്ലാം വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ടെങ്കിലും ധോണി എന്ന ബുദ്ധിരാക്ഷസന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന കരുത്ത് ചെറുതല്ല എന്നതാണ് ആ പുറത്താക്കലില്‍ ഞെട്ടലുണ്ടാക്കുന്നത്. അതേസമയം, പ്രായമോ ഫോമില്ലായ്മയോ അല്ല ധോണിയെ പുറത്താക്കാന്‍ കാരണമെന്നാണ് മുഖ്യ പരിശീലകന്‍ എംഎസ്‌കെ പ്രസാദ് പറയുന്നത്. യുവതാരം ഋഷഭ് പന്തിന് അവസരം കൊടുക്കുകയും അടുത്ത വിക്കറ്റ് കീപ്പറായി വളര്‍ത്തി കൊണ്ടു വരികയുമാണ് ലക്ഷ്യം.