രണ്ടാം ടെസ്റ്റും മൂന്നു ദിവസം കൊണ്ട് തീര്‍ന്നു; 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് അനായാസ ജയം. രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സിന് തകര്‍ന്നടിഞ്ഞ വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം, വെറും 97 പന്തുകളില്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ പിന്നിട്ടു. 10 വിക്കറ്റിന്റെ ഉജ്വല വിജയം സ്വന്തമാക്കി. ഓപ്പണര്‍മാരായ പൃഥ്വി ഷാ, ലോകേഷ് രാഹുല്‍ എന്നിവര്‍ 33 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. രണ്ടു മല്‍സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 272 റണ്‍സിനും ജയിച്ചിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കളിയിലെ കേമന്‍. അരങ്ങേറ്റ പരമ്പരയ്ക്കിറങ്ങിയ പതിനെട്ടുകാരന്‍ പൃഥ്വി ഷാ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു മല്‍സരങ്ങളടങ്ങുന്ന ഏകദിന പരമ്പര ഈ മാസം 21ന് ഗുവാഹത്തിയില്‍ ആരംഭിക്കും.

രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ പേസ് ബോളര്‍ ഉമേഷ് യാദവാണ് ഹൈദരാബാദില്‍ വിന്‍ഡീസിന്റെ അന്തകനായത്. ഒന്നാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ഉമേഷ്, രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിന്റെ നാലു വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. ഇന്ത്യന്‍ മണ്ണില്‍ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പേസ് ബോളറാണ് ഉമേഷ് യാദവ്. കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മുന്‍ഗാമികള്‍. ഉമേഷിന്റെ പേസ് ബോളിങ് പങ്കാളിയായി അരങ്ങേറ്റ ടെസ്റ്റ് കളിക്കാനെത്തിയ ഷാര്‍ദുല്‍ താക്കൂറിന്റെ സേവനം ഒന്നാം ദിനത്തിലെ ഒരേയൊരു ഓവറില്‍ ഒതുങ്ങിയിട്ടും മൂന്നു ദിവസത്തിനിടെ വിന്‍ഡീസിനെ രണ്ട് ഇന്നിങ്‌സിലും എറിഞ്ഞിടാനായത് ഇന്ത്യയ്ക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല.

Similar Articles

Comments

Advertismentspot_img

Most Popular