ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ല ഇനിമുതല്‍ ‘പ്രയാഗ്‌രാജ്’ എന്ന് അറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അലഹബാദിന്റെ പുനര്‍നാമകരണം സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 2019ല്‍ കുംഭമേള നടക്കാനിരിക്കെയാണ് പേരുമാറ്റം. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കുംഭമേള. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം അലഹബാദിന്റെ പേര് മാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ടെന്ന് യോഗി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ രാം നായിക് ഇതിനോടകം തന്നെ പേരു മാറ്റത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത മന്ത്രിസഭായോഗത്തില്‍ പ്രമേയം പാസാക്കുമെന്നും കുംഭമേളയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും യോഗി കൂട്ടിച്ചേര്‍ത്തു. പ്രയാഗ് എന്നായിരുന്നു അലഹബാദിന്റെ ആദ്യകാല നാമം. പിന്നീട് മുഗള്‍ രാജാവായിരുന്ന അക്ബര്‍ ഈ സ്ഥലത്തെ ലഹബാദ് എന്ന് വിളിച്ചു. എന്നാല്‍ പില്‍ക്കാലത്ത് ഷാജഹാന്‍ ഈ പേരിനെ വീണ്ടും മാറ്റി അലഹബാദ് എന്നാക്കുകയായിരുന്നു. അതേസമയം, കുംഭമേള നടക്കുന്ന സ്ഥലത്തെ ഇപ്പോഴും അറിയപ്പെടുന്നത് പ്രയാഗ് എന്നുതന്നെയാണ്.